---
title: " അടുക്കളയിൽ ഇനി 'റോക്കറ്റും ബുള്ളറ്റും' തീ പാറിക്കും ; പെർഫോമൻസ് 'വേറെ ലെവൽ' , അടുപ്പുകൾ വാങ്ങാൻ വൻ തിരക്ക് "
english_title: "'Rockets and bullets' will now be used to light fires in the kitchen; Performance is 'on another level', huge rush to buy stoves"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348039/rockets-and-bullets-will-now-be-used-to-light-fires-in-the-kitchen-performance-is-on-another-level-huge-rush-to-buy-stoves"
published_at: "2026-03-16T14:25:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7c622e355a_gfipo.jpg"
keywords: []
---

#  അടുക്കളയിൽ ഇനി 'റോക്കറ്റും ബുള്ളറ്റും' തീ പാറിക്കും ; പെർഫോമൻസ് 'വേറെ ലെവൽ' , അടുപ്പുകൾ വാങ്ങാൻ വൻ തിരക്ക് 

> **Lead Summary:** മൂവാറ്റുപുഴ : പാചകവാതക സിലിണ്ടർ ക്ഷാമം നേരിടുന്ന അടുക്കളയിൽ ഇനി 'റോക്കറ്റും ബുള്ളറ്റും' തീ പാറിക്കും. പേര് കേട്ടു പേടിക്കേണ്ടതില്ല. സംഗതി വിറക് അടുപ്പാണ്.

## Article Content

മൂവാറ്റുപുഴ : പാചകവാതക സിലിണ്ടർ ക്ഷാമം നേരിടുന്ന അടുക്കളയിൽ ഇനി 'റോക്കറ്റും ബുള്ളറ്റും' തീ പാറിക്കും. പേര് കേട്ടു പേടിക്കേണ്ടതില്ല. സംഗതി വിറക് അടുപ്പാണ്.

പക്ഷേ പെർഫോമൻസ് 'വേറെ ലെവൽ'. വാണിജ്യ സിലിണ്ടറുകൾ കിട്ടാക്കനിയായതോടെ ഹോട്ടലുടമകൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഈ പ്രതിസന്ധിയെ കാറ്റിയാണ് റോക്കറ്റ് അടുപ്പുകളുടെ വരവ്. സാധാരണ വിറക് അടുപ്പിനേക്കാൾ 40% മുതൽ 60% വരെ വിറക് ലാഭിക്കാം. ചിരട്ടയോ ഉണങ്ങിയ ഇലകളോ ഉണ്ടെങ്കിൽ പോലും സംഗതി ഉഷാർ. 'L' ആകൃതിയിലുള്ള രൂപകൽപന ആയതിനാൽ തീ ജ്വാലകൾ നേരെ പാത്രത്തിന്റെ അടിയിലേക്ക് കുതിക്കും.

പേര് പോലെ തന്നെ പാചകം റോക്കറ്റ് വേഗത്തിൽ നടക്കും. ഇന്ധനം പൂർണമായി കത്തുന്നതിനാൽ അടുക്കളയിൽ പുകയുടെ ശല്യമില്ല. റോക്കറ്റിന്റെ അൽപം കൂടി പരിഷ്കരിച്ച രൂപമാണ് ബുള്ളറ്റ് അടുപ്പുകൾ. കണ്ടാൽ ചെറിയ സിലിണ്ടർ പോലിരിക്കും. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഇലക്ട്രിക് ബ്ലോവർ വായുവിനെ ആഞ്ഞു തള്ളുന്നതോടെ തീയുടെ കടുപ്പം കൂടും. വെറും ഒരു കിലോഗ്രാം വിറകോ ചിരട്ടയോ ഉണ്ടെങ്കിൽ ഒന്നൊന്നര മണിക്കൂർ വരെ പാചകം തുടരാം. ഗ്യാസ് അടുപ്പിനെക്കാൾ വേഗത്തിൽ വെള്ളം തിളപ്പിക്കാം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

എറണാകുളം, തൃശൂർ ജില്ലകളിലെ നിർമാണ യൂണിറ്റുകളിൽ ഇപ്പോൾ റോക്കറ്റ്, ബുള്ളറ്റ് അടുപ്പിനായി വലിയ തിരക്കാണ്. ഈ അടുപ്പുകളുടെ ചെറിയ പോർട്ടബിൾ മോഡലുകൾക്ക് 1,000 മുതൽ 2,500 രൂപ വരെയാണ് വില. അൽപം കൂടി വലിയ മോഡലുകൾക്ക് 2,500 – 5,500 രൂപ. ബ്ലോവർ ഘടിപ്പിച്ചവയ്ക്ക് 4,000 – 8,000 രൂപ വില വരും. ഹോട്ടലുകൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള അടുപ്പുകൾക്ക് 12,000 രൂപ മുതൽ 60,000 രൂപ വരെ വിലയുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348039/rockets-and-bullets-will-now-be-used-to-light-fires-in-the-kitchen-performance-is-on-another-level-huge-rush-to-buy-stoves)