---
title: "തൃക്കാക്കര ക്ഷേത്രത്തിൽനിന്ന്‌ ഗുരുവായൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ്"
english_title: "KSRTC bus service from Thrikkakara temple to Guruvayur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347984/ksrtc-bus-service-from-thrikkakara-temple-to-guruvayur"
published_at: "2026-03-16T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7a4ea64e86_Untitled-14.jpg"
keywords: []
---

# തൃക്കാക്കര ക്ഷേത്രത്തിൽനിന്ന്‌ ഗുരുവായൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ്

> **Lead Summary:** കളമശേരി : തൃക്കാക്കര ക്ഷേത്രത്തിൽനിന്ന്‌ ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് വ്യവസായമന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

കളമശേരി : തൃക്കാക്കര ക്ഷേത്രത്തിൽനിന്ന്‌ ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് വ്യവസായമന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.

തിങ്കൾ രാവിലെമുതൽ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി 22ന് നവീകരിച്ച ആറാട്ടുകുളത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഗുരുവായൂരിലേക്ക് ദിവസവും ബസ് സർവീസ് വേണമെന്ന് ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് മന്ത്രി നൽകിയ ഉറപ്പാണ് ഇപ്പോൾ യാഥാർഥ്യമായത്.

രാവിലെ 5.30ന് തൃക്കാക്കര ക്ഷേത്രത്തിൽനിന്ന് സർവീസ് ആരംഭിക്കും. വരാപ്പുഴ, പറവൂർ, ചാവക്കാട് വഴി ഗുരുവായൂരിലെത്തും. ഗുരുവായൂരിൽനിന്ന് വൈകിട്ട് ആറിന് തിരിച്ച് ഒമ്പതോടെ തൃക്കാക്കരയിൽ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ആദ്യയാത്രയില്‍ റഫീഖ്‌ ഡ്രൈവറും പവിത കണ്ടക്ടറുമായിരുന്നു.

തൃക്കാക്കര ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എ എസ് ശശികുമാർ വർമ, ജോയിന്റ് സെക്രട്ടറി എൻ കെ വാസുദേവൻ, കെ മോഹൻകുമാർ, സോമനാഥൻപിള്ള, കെഎസ്ആർടിസി ഇൻസ്പെക്ടർ ആന്റണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347984/ksrtc-bus-service-from-thrikkakara-temple-to-guruvayur)