---
title: "കാണാതായ യുവാവിനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing youth found dead in forest."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347487/missing-youth-found-dead-in-forest"
published_at: "2026-03-13T15:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3e27bbf51e_1000529227.png"
keywords: []
---

# കാണാതായ യുവാവിനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിനെ ഇഞ്ചത്തൊട്ടി വന മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിനെ ഇഞ്ചത്തൊട്ടി വന മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ സംശയാസ്‌പദമായ സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എരൂർ നടം ലേബർ ജങ്ഷനിലെ കുട്ടാത്ത് വീട്ടിൽ പരേതനായ പ്രകാശൻ്റെ മകനായ കെ പി പ്രശാന്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 38 വയസായിരുന്നു. ഇയാളെ തൂങ്ങിയ നിലയിൽ നേര്യമംഗലം-ഇഞ്ചത്തൊട്ടി റോഡിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള വന പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. റോഡിൽ നിന്ന് ഏകദേശം 60 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്‌ച വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ പുറപ്പെട്ട പ്രശാന്ത് പിന്നീട് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് റോഡരികിൽ സ്‌കൂട്ടർ കുറച്ച് ദിവസങ്ങളായി പാർക്ക് ചെയ്‌തിരിക്കുന്നതായി കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347487/missing-youth-found-dead-in-forest)