---
title: "കടന്നൽ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക് ; പരിസരവാസികളായ 12 പേർക്കും കുത്തേറ്റു "
english_title: "Elderly man seriously injured in wasp attack; 12 residents also stung"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346542/elderly-man-seriously-injured-in-wasp-attack-12-residents-also-stung"
published_at: "2026-03-09T11:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae60b5d640c_bijio.jpg"
keywords: []
---

# കടന്നൽ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക് ; പരിസരവാസികളായ 12 പേർക്കും കുത്തേറ്റു 

> **Lead Summary:** മൂവാറ്റുപുഴ : കടന്നലിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. ആരക്കുഴ പഞ്ചായത്ത് 11–-ാംവാർഡ് പ്ലാക്കിത്തടം ഇലവുംചുവടിൽ കൂടത്തിൽ വീട്ടിൽ കുഞ്ഞിനാണ് പരിക്കേറ്റത്.

## Article Content

മൂവാറ്റുപുഴ : കടന്നലിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. ആരക്കുഴ പഞ്ചായത്ത് 11–-ാംവാർഡ് പ്ലാക്കിത്തടം ഇലവുംചുവടിൽ കൂടത്തിൽ വീട്ടിൽ കുഞ്ഞിനാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവാറ്റുപുഴ അഗ്നിരക്ഷാസേന അംഗമായ എം എൻ അയൂബിനും കുത്തേറ്റു. അയൂബിനും സാരമായ പരിക്കുണ്ട്.പരിസരവാസികളായ 12 പേർക്കും പരിക്കുണ്ട്. ഞായർ രാവിലെ ഒമ്പതരയോടെയാണ് സംഭവം. മീങ്കുന്നം പള്ളിയിൽ പോയി കുഞ്ഞ് നടന്നു വീട്ടിലേക്ക് പോകവേ ഇലവുംചുവട് കഴിഞ്ഞപ്പോഴാണ് കടന്നലുകൾ ആക്രമിച്ചത്.

കരഞ്ഞുകൊണ്ട് റോഡിൽ വീണ കുഞ്ഞിനെ കടന്നലുകൾ പൊതിഞ്ഞു. ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സമീപവാസി തേവലത്തിൽ രാജൻ തിരികെ വീടിനുള്ളിൽ കയറി. രാജന്റെ മകൻ അഖിൽ രാജ് മഴക്കോട്ടും ഹെൽമെറ്റും മറ്റും ധരിച്ച് പുതപ്പുമായെത്തി കുഞ്ഞിനെ പുതപ്പിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റ സമീപവാസി ഷൈമോൻ വീടിനുള്ളിൽ കയറിയപ്പോൾ പിന്നാലെ എത്തിയ കടന്നലുകൾ ഭാര്യയെയും കുത്തി.

പ്രദേശവാസികളായ വിൽസൺ, അനീഷ്, ഓട്ടോഡ്രൈവറായ ജീമോൻ എന്നിവരെയും ബൈക്കിൽ എത്തിയ രണ്ടുപേരെയും കടന്നൽ കുത്തി. നാട്ടുകാർ പുകയുണ്ടാക്കി കടന്നലുകളെ തുരത്തുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി.

സുരക്ഷാകവചങ്ങൾ ധരിച്ച ഉദ്യോഗസ്ഥർ കുഞ്ഞിനെ ആംബുലൻസിൽ കയറ്റുമ്പോഴുംകടന്നലുകൾ പിന്തുടർന്നു. മൂന്ന് അഗ്നി രക്ഷാസേനാംഗങ്ങൾക്കും കുത്തേറ്റു. കുഞ്ഞിനെയും കടന്നൽ കുത്തേറ്റവരെയും ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകി. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346542/elderly-man-seriously-injured-in-wasp-attack-12-residents-also-stung)