---
title: "സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ കൈക്കലാക്കാൻ ശ്രമം ; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പിടിയിൽ "
english_title: "Attempt to seize phone containing private footage; Gang that attacked and robbed spa manager arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345631/attempt-to-seize-phone-containing-private-footage-gang-that-attacked-and-robbed-spa-manager-arrested"
published_at: "2026-03-04T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a84de094742_1000519116.png"
keywords: []
---

# സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ കൈക്കലാക്കാൻ ശ്രമം ; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പിടിയിൽ 

> **Lead Summary:** തൃശൂർ: കണിമംഗലത്ത് സ്‌പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് സ്വർണ്ണവും പണവും ഫോണുകളും കവർന്ന കേസിൽ എട്ടുപേർ പിടിയിലായി.

## Article Content

തൃശൂർ: കണിമംഗലത്ത് സ്‌പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് സ്വർണ്ണവും പണവും ഫോണുകളും കവർന്ന കേസിൽ എട്ടുപേർ പിടിയിലായി.

സ്ഥാപനത്തിലെ മുൻ ജീവനക്കാരി ഉൾപ്പെടെയുള്ള സംഘമാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കർണാടക രജിസ്ട്രേഷനിലുള്ള കാറിലെത്തിയ മൂന്ന് യുവതികൾ, രണ്ട് ട്രാൻസ്ജെൻഡർമാർ, രണ്ട് പുരുഷന്മാർ എന്നിവരടങ്ങുന്ന സംഘമാണ് സ്‌പാ നടത്തിപ്പുകാരിയുടെ വീട്ടിലെത്തിയത്.

ബെംഗളൂരു, കോയമ്പത്തൂർ സ്വദേശികളായിരുന്നു സംഘാംഗങ്ങൾ.സംഘത്തിലൊരാൾ ഒരു മാസം മുമ്പ് സ്‌പായിൽ ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് പോയതിനുശേഷമാണ് തൻറെ സ്വകാര്യ വീഡിയോകൾ സ്‌പാ നടത്തിപ്പുകാരിയുടെ കൈയ്യിലുണ്ടെന്ന് കർണാടക സ്വദേശിനിയായ യുവതിക്ക് മനസ്സിലാക്കുന്നത്. തുടർന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തിയത്.

കർണാടക രജിസ്ട്രേഷനിലുള്ള കാറിലും ബൈക്കിലുമായാണ് സംഘം എത്തിയത്. സ്പാ നടത്തിപ്പുകാരിയുടെ വീടിന് സമീപം കാത്തു കിടന്ന സംഘം രാത്രി പന്ത്രണ്ടരയോടെ വീട്ടിൽ കയറി. സ്‌പാ നടത്തിപ്പുകാരിയും മറ്റു മൂന്നു യുവതികളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവരെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കി. ഒരു പവൻ തൂക്കമുള്ള സ്വർണാഭരണം കവർന്നു.

ഗൂഗിൾ പേ ആയി 20000 രൂപയും അയപ്പിച്ചു. സംഘം മടങ്ങിയതിന് പിന്നാലെ സ്പാ നടത്തിപ്പുകാരി പൊലീസിനെ വിവരമറിയിച്ചു. ഇവർ നൽകിയ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഘം ദേശീയ പാതയിൽ പട്ടികാടിന് സമീപത്തുവച്ച് പ്രതികളെ പിടികൂടി. സ്പ‌ാ നടത്തിപ്പിൻറെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345631/attempt-to-seize-phone-containing-private-footage-gang-that-attacked-and-robbed-spa-manager-arrested)