---
title: " ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷ മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചതായി പരാതി"
english_title: "Complaint that a woman who came with breathing difficulties was injected with a test dose of rabies medicine"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345343/complaint-that-a-woman-who-came-with-breathing-difficulties-was-injected-with-a-test-dose-of-rabies-medicine"
published_at: "2026-03-03T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a69b7566fc3_huuiu.jpg"
keywords: []
---

#  ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷ മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചതായി പരാതി

> **Lead Summary:** ശാസ്താംകോട്ട: ​ ശസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്നുമാറി കുത്തിവെച്ചു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്‌സിനെ പരാതിയെ തുടർന്ന് മാറ്റിനിർത്തി.

## Article Content

ശാസ്താംകോട്ട: ​ ശസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്നുമാറി കുത്തിവെച്ചു. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്‌സിനെ പരാതിയെ തുടർന്ന് മാറ്റിനിർത്തി.

ബന്ധുക്കൾ ഡി.എം.ഒ.യ്ക്കു നൽകിയ പരാതിയിൽ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട ആഭ്യന്തര അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു. ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷത്തിനു നൽകുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചതായാണ് പരാതി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയിൽ ദുരനുഭവമുണ്ടായത്.

പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു. യുവതി കുത്തിവെപ്പെടുക്കുന്ന മുറിയിലെത്തി. അതേസമയത്ത് നായയുടെ കടിയേറ്റ ഒരാളും അവിടെയുണ്ടായിരുന്നു. രണ്ട് നഴ്‌സുമാരാണ് മുറിയിലുണ്ടായിരുന്നത്. നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചിൽ നിറച്ചിട്ട് നഴ്‌സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാൻ അകത്തേക്ക് പോയി.

ആ സമയം മറ്റേ നഴ്‌സ് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച് പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ നിറച്ചുവെച്ച സിറിഞ്ചെടുത്ത് യുവതിക്ക് കുത്തിവെച്ചതായാണ് വിവരം. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്‌സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്.

ശ്വാസതടസ്സത്തിനുള്ള മരുന്ന് നൽകിയശേഷം യുവതിയെ വാർഡിൽ നിരീക്ഷണത്തിലേക്ക് മാറ്റി. മറ്റ് അസ്വസ്ഥതകളൊന്നും പ്രകടമാക്കാത്തതിനെ തുടർന്ന് വൈകീട്ട് വിട്ടയച്ചു.

ചൊവ്വാഴ്ച വിശദമായ പരിശോധനയ്ക്കും മൊഴിയെടുക്കുന്നതിനും എത്തണമെന്ന് നിർദേശിച്ചാണ് വിട്ടയച്ചത്. മരുന്നുമാറി കുത്തിവെച്ചതായാണ് അറിയുന്നതെന്നും ചൊവ്വാഴ്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാനാ മുഹമ്മദ് പറഞ്ഞു. 

ടെസ്റ്റ് ഡോസ് നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ ഫോൺ തകരാറിലായതിനാൽ ബന്ധപ്പെടാനും വിവരങ്ങൾ തേടാനും കഴിഞ്ഞിട്ടില്ലെന്നും അവർ അറിയിച്ചു. ആർ.എം.ഒ.യും ഫിസിഷ്യനും ഉൾപ്പെടെയുള്ളവരാണ് അന്വേഷണസമിതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345343/complaint-that-a-woman-who-came-with-breathing-difficulties-was-injected-with-a-test-dose-of-rabies-medicine)