---
title: "യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നു ; ആറ് പേർ പിടിയിൽ "
english_title: "Six arrested for kidnapping, beating and robbing youths."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342924/six-arrested-for-kidnapping-beating-and-robbing-youths"
published_at: "2026-02-19T14:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d5be04489_1000415311.png"
keywords: []
---

# യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നു ; ആറ് പേർ പിടിയിൽ 

> **Lead Summary:** കൊച്ചി: കൊച്ചിയിൽനിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം കവരുകയും ചെയ്‌ത കേസിൽ ആറുപേർ പിടിയിൽ.

## Article Content

കൊച്ചി: കൊച്ചിയിൽനിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം കവരുകയും ചെയ്‌ത കേസിൽ ആറുപേർ പിടിയിൽ.

എളമക്കര പുതുക്കലവട്ടം കോൺവെന്റിന് സമീപം കൃഷ്ണകൃപ വീട്ടിൽ അമൃതേഷ് കമ്മത്ത് (28), എറണാകുളം മുണ്ടംവേലി വാലുമ്മേൽച്ചിറ വീട്ടിൽ അരുൺ(28), വരാപ്പുഴ പുത്തൻപള്ളിയിൽ താമസിക്കുന്ന കൊല്ലം നെടുമൺകാവ് വാക്കനാട് ഭാസ്കരവിലാസം വീട്ടിൽ ജഗൻ (26), തോപ്പുംപടി കൊച്ചുപള്ളി റോഡിൽ വാഴക്കൂട്ടത്തിൽ വീട്ടിൽ ക്രിസ്റ്റഫർ ജോസ് (37), ആലുവ എടത്തല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ബിലാൽ (26), ആലപ്പുഴ എഴുപുന്ന എലഞ്ഞിക്കൽ വീട്ടിൽ ഷാരോൺ ജോസഫ് (31) എന്നിവരെയാണ് ഹാർബർ പൊലീസ് പിടികൂടിയത്.

ഇടുക്കി സ്വദേശികളായ ആഷിഖ്, റിയാസ് എന്നീ യുവാക്കളെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം തടവിൽ പാർപ്പിച്ച്‌ മർദിക്കുകയും ആഷിഖിൻ്റെ കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപയും കവർച്ച ചെയ്യുകയും ചെയ്‌ത പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വാഹന ഇടപാടുകാരനായ യുവാവിനെയും സുഹൃത്തിനേയും കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12ന് വില്ലിംഗ്‌ടൺ ഐലൻറിലെ വാക്ക് വേയിൽ ഗുണ്ട സംഘത്തിൽപ്പെട്ടയാൾ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി പൂത്തോട്ട ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദിച്ചു. ശനിയാഴ്ച രാത്രി വരെ മർദനം തുടർന്നു.

ഒടുവിൽ ഒന്നരലക്ഷം രൂപയും കാറും കൈക്കലാക്കിയതിന് ശേഷം സംഘം ഇവരെ മരട് ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചിയിൽ ലഹരി ഇടപാടുകൾ നടത്തുന്ന സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പ്രാഥമികാന്വേഷണത്തിൽ ലഭ്യമായ വിവരം. ഒളിവിലുള്ള ബാക്കി പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഹാർബർ പൊലീസ് ഇൻസ്പെക്ട‌ർ ദിലീഷ്, എസ്.ഐമാരായ സി.എം. ജോസി, പി. അനിൽകുമാർ, എ.എസ്.ഐ സനീപ്‌കുമാർ, എസ്.സി.പി.ഒ എം. മഹേഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342924/six-arrested-for-kidnapping-beating-and-robbing-youths)