---
title: "വിവാഹാഭ്യർത്ഥന നിരസിച്ചു ; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് , ഗുരുതരാവസ്ഥയിൽ"
english_title: "Marriage proposal rejected; young man sets young woman on fire with petrol, in critical condition."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342670/marriage-proposal-rejected-young-man-sets-young-woman-on-fire-with-petrol-in-critical-condition"
published_at: "2026-02-18T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69957fd4a6f47_1000406193.png"
keywords: []
---

# വിവാഹാഭ്യർത്ഥന നിരസിച്ചു ; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് , ഗുരുതരാവസ്ഥയിൽ

> **Lead Summary:** ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ മഹബൂബാബാദിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. സന്ധ്യ എന്ന യുവതിയെയാണ് കുന്ത അഞ്ജയ്യ എന്നയാൾ ആക്രമിച്ചത്.

## Article Content

ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ മഹബൂബാബാദിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. സന്ധ്യ എന്ന യുവതിയെയാണ് കുന്ത അഞ്ജയ്യ എന്നയാൾ ആക്രമിച്ചത്.

70 ശതമാനത്തോളം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. മഹബൂബാബാദ് ടൗണിൽ പച്ചക്കറി വിൽപന നടത്തിയിരുന്ന യുവതിയും സമീപത്തെ പാൽ കടയുടമയായ അഞ്ജയ്യയും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു.

എന്നാൽ യുവതി മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടതിനെത്തുടർന്ന് അഞ്ജയ്യ പ്രകോപിതനാവുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും യുവതി ഇത് നിരസിച്ചു.

ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം പ്രതി അവരെ കെട്ടിപ്പിടിക്കുകയും ചെയ്തു.

ഇതോടെ പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റു. രണ്ടുപേരെയും വാരങ്കലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഭർത്താവുമായി പിരിഞ്ഞ് രണ്ട് മക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. ഭാര്യ മരിച്ച പ്രതിക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342670/marriage-proposal-rejected-young-man-sets-young-woman-on-fire-with-petrol-in-critical-condition)