---
title: "യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടി ; യുവാവ് അറസ്റ്റിൽ"
english_title: "Man arrested for creating fake Facebook profiles using young woman's photo to defraud her of money."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342622/man-arrested-for-creating-fake-facebook-profiles-using-young-womans-photo-to-defraud-her-of-money"
published_at: "2026-02-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69955c7621634_1000501817.jpg"
keywords: []
---

# യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടി ; യുവാവ് അറസ്റ്റിൽ

> **Lead Summary:** ആലപ്പുഴ : യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടിയ കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിൽ.

## Article Content

ആലപ്പുഴ : യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടിയ കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിൽ.

ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചാണ് പലരിൽ നിന്നായി പണം തട്ടിയത്. യുവതിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടിയെന്നാണ് കേസ്. മാവേലിക്കര തഴക്കര കുന്നം പറയരേത്ത് വീട്ടിൽ സുജിത്ത് വി എസ് (23) ആണ് കേസിൽ പിടിയിലായത്.

ഇയാളുടെ ഭാര്യ കൊല്ലം സ്വദേശി സാന്ദ്രയെ(23) കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഭാര്യയുടെ ഫോൺ നമ്പറും ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകളും ഉപയോഗിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ചിലാണ് സുജിത്ത് പരാതിക്കാരിയുടെ പ്രൊഫൈൽ പിന്തുടർന്ന് ഫോട്ടോകൾ കൈക്കലാക്കിയത്. തുടർന്ന് ആര്യ സാന്ദ്ര എന്ന പേരിൽ ആദ്യം വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചു. ഒക്ടോബറോടെ ‘Sandra Suresh’, ‘Sandra Suresh Abhi’ എന്നീ പേരുകളിൽ രണ്ട് പ്രൊഫൈലുകൾ കൂടി ഉണ്ടാക്കി. താൻ വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ്ക്കായി സഹായിക്കണമെന്നും പറഞ്ഞാണ് ഇവർ പലരുമായി ചാറ്റ് ചെയ്തത്.

ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേടിഎം നമ്പറും നൽകി പലരിൽ നിന്നായി അഞ്ഞൂറും ആയിരവും രൂപ വീതം ഇവർ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ യഥാർത്ഥ പ്രൊഫൈലിൽ കുഞ്ഞിന്റെ അസുഖവിവരങ്ങൾ അന്വേഷിച്ച് മെസേജുകൾ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഫെബ്രുവരി 10ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342622/man-arrested-for-creating-fake-facebook-profiles-using-young-womans-photo-to-defraud-her-of-money)