---
title: "കുടിവെള്ളക്ഷാമം രൂക്ഷം ; പിറവം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു"
english_title: "Drinking water shortage is severe; Piravom Water Authority office is besieged"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342406/drinking-water-shortage-is-severe-piravom-water-authority-office-is-besieged"
published_at: "2026-02-17T11:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993fded017ad_i9ik.jpg"
keywords: []
---

# കുടിവെള്ളക്ഷാമം രൂക്ഷം ; പിറവം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു

> **Lead Summary:** പിറവം : വേനൽ കടുത്തതോടെ ആമ്പല്ലൂർ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ജീവനക്കാർ ജലവിതരണത്തിൽ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പിറവം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

## Article Content

പിറവം : വേനൽ കടുത്തതോടെ ആമ്പല്ലൂർ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ജീവനക്കാർ ജലവിതരണത്തിൽ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പിറവം വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

ഡിസംബർ ആദ്യംവരെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും കൃത്യമായി വന്നിരുന്നു. പിന്നീട് വെള്ളം തീർത്തും കിട്ടാത്ത സാഹചര്യത്തിലായിരുന്നു സമരം. ഇക്കാര്യത്തിൽ അനധികൃത ഇടപെടലുകളുണ്ടോ എന്ന് സംശയമുള്ളതായി ജനപ്രതിനിധികൾ പറഞ്ഞു. മുമ്പ് വന്നിരുന്ന അതേയളവിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും ആ വെള്ളം എങ്ങോട്ടുപോകുന്നു എന്നത് ദുരൂഹമായി തുടരുന്നു. കുടിവെള്ളം ടാങ്കർലോറികളിൽ വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ, പഞ്ചായത്തിന് അർഹമായ കുടിവെള്ളം നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അസിസ്റ്റന്റ് എക്സി. എൻജിനീയർ ചൊവ്വാഴ്ച പഞ്ചായത്ത് സന്ദർശിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രഞ്ജിത്,എം കെ സുരേന്ദ്രൻ, കർണകി രാഘവൻ, സഞ്ജു അജയൻ, ഷഹ്ന അൽത്താഫ് എന്നിവർ സമരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342406/drinking-water-shortage-is-severe-piravom-water-authority-office-is-besieged)