---
title: "ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ആരോപണം  "
english_title: "Two people who felt unwell died; food poisoning suspected"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/342396/two-people-who-felt-unwell-died-food-poisoning-suspected"
published_at: "2026-02-17T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993f7b9a58b5_drryh.jpg"
keywords: []
---

# ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ആരോപണം  

> **Lead Summary:** കൊല്ലം: നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു. പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി , മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചതിനെത്തുടർന്നുണ്ടായ അലർജിയും ഭക്ഷ്യവിഷബാധയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

## Article Content

കൊല്ലം: നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു. പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി , മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചതിനെത്തുടർന്നുണ്ടായ അലർജിയും ഭക്ഷ്യവിഷബാധയുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

റഷീദ ബീവിയുടെ മകൾ സജി മോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് അഞ്ചംഗ സംഘം ഭക്ഷണം കഴിച്ചിരുന്നു.മടങ്ങുന്നതിനിടെ ഇവർക്ക് ചർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുമ്പോഴേക്കും ഷാജി മരണപ്പെട്ടിരുന്നു. അലർജി സംബന്ധമായ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം.

അതേസമയം, ബന്ധുക്കളുടെ പരാതിയെത്തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് അടപ്പിച്ചു.ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/342396/two-people-who-felt-unwell-died-food-poisoning-suspected)