---
title: "കാർ വിൽപനയുടെ മറവിൽ പണം തട്ടിപ്പ് ; കുടുങ്ങിയത് അൻപതോളം പേർ"
english_title: "Money laundering under the guise of car sales; Around fifty people caught"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341782/money-laundering-under-the-guise-of-car-sales-around-fifty-people-caught"
published_at: "2026-02-13T14:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eecc4d39fe_arrest.jpg"
keywords: []
---

# കാർ വിൽപനയുടെ മറവിൽ പണം തട്ടിപ്പ് ; കുടുങ്ങിയത് അൻപതോളം പേർ

> **Lead Summary:** നെടുമ്പാശേരി : കാർ വാങ്ങിയപ്പോൾ വമ്പൻ സമ്മാനങ്ങളും ഓഫറും ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ.

## Article Content

നെടുമ്പാശേരി : കാർ വാങ്ങിയപ്പോൾ വമ്പൻ സമ്മാനങ്ങളും ഓഫറും ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ.

ഡൽഹി സ്വദേശികളായ മുഹമ്മദ് സൈദ് സൈഫി (ഷാൻ ചൗധരി–23), ഗഗൻ ഖുറാന (22), രാഹുൽ കുമാർ (28), രവി പ്രജാപതി (25), യുപി സ്വദേശികളായ ക്ഷിതിജ് സെംഗാർ (യുവരാജ് സിങ്–25), ആയുഷ് മന്ദ്യാൻ (26) ഹർഷ് വർധൻ സിങ് ചൗഹാൻ (26), ബംഗാൾ സ്വദേശി ആസിഫ് ജമാൽ (34) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബസമേതം വിനോദയാത്ര പോകുന്നതിനു പ്രത്യേക ഡിസ്കൗണ്ട് പാക്കേജും ഗിഫ്റ്റ് വൗച്ചറുകളും നൽകുമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് കടുങ്ങല്ലൂർ സ്വദേശിയായ 61കാരനെയാണു കബളിപ്പിച്ചത്. ഫോൺ വഴിയാണു സംഘം ബന്ധപ്പെട്ടത്. വമ്പൻ ഓഫർ ലഭ്യമാകുന്നതിന് 6,01000 രൂപയാണ് ആവശ്യപ്പെട്ടത്. മുൻകൂറായി 3 ലക്ഷം രൂപ കൊടുക്കണമെന്നു പറഞ്ഞു. 3 ലക്ഷം കൊടുത്താൽ കൂടുതൽ ഇളവു ലഭ്യമാകുമെന്നും പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ 1.5 ലക്ഷം രൂപ കടുങ്ങല്ലൂർ സ്വദേശി സംഘത്തിനു നൽകി. ഇതു സംബന്ധിച്ചു കൂടിക്കാഴ്ച നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലാണ്. പണം നൽകിയിട്ടും വിവരമൊന്നും ലഭ്യമാകാത്തതിനെ തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341782/money-laundering-under-the-guise-of-car-sales-around-fifty-people-caught)