---
title: "കെഎസ്ആർടിസിയുടെ കടമക്കുടി ബജറ്റ് ടൂറിസം ; ആദ്യസംഘത്തെ സ്വാഗതം ചെയ്‌തു"
english_title: "KSRTC's Kadamakudy Budget Tourism; First group welcomed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341548/ksrtcs-kadamakudy-budget-tourism-first-group-welcomed"
published_at: "2026-02-12T11:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d6c0905afc_1000494763.png"
keywords: []
---

# കെഎസ്ആർടിസിയുടെ കടമക്കുടി ബജറ്റ് ടൂറിസം ; ആദ്യസംഘത്തെ സ്വാഗതം ചെയ്‌തു

> **Lead Summary:** വൈപ്പിൻ : കെഎസ്ആർടിസിയുടെ കടമക്കുടി ബജറ്റ് ടൂറിസം പദ്ധതി കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

## Article Content

വൈപ്പിൻ : കെഎസ്ആർടിസിയുടെ കടമക്കുടി ബജറ്റ് ടൂറിസം പദ്ധതി കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

നാടിൻ്റെ ചരിത്രവും പ്രകൃതി മനോഹാരിതയും വിശദമാക്കി അദ്ദേഹം ബജറ്റ് ടൂറിസം ആദ്യസംഘത്തെ സ്വാഗതം ചെയ്‌തു. കടമക്കുടി കാഴ്‌ചകളുടെ ഭാഗമായി തൊടുപുഴയിൽനിന്നെത്തിയ സംഘത്തിൽ 50 പേരുണ്ടായിരുന്നു.

മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ് അധ്യക്ഷയായി. കലക്ടർ ജി പ്രിയങ്ക മുഖ്യാതിഥിയായി. കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ് സ്വാമിനാഥ് മുഖ്യപ്രഭാഷണം നടത്തി.

കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം എസ് ആൻ്റണി, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്റ് ബർണാഡ് ബെന്നി, വാർഡ് അംഗം മേരി ഡിഷ ഡിസിൽവ, ബിടിസി സംസ്ഥാന കോ-ഓർഡിനേറ്റർ ആർ സുനിൽകുമാർ, സംരംഭകൻ മനോജ് പടമാടൻ, എടിഒ വി അജിത്ത് എന്നിവർ സംസാരിച്ചു.

കായലിന്റെ സൗന്ദര്യം നുകർന്ന് തുരുത്തുകളിലൂടെ ഒരുക്കിയ ജലയാത്രാപരിപാടിയിൽ ആളുകൾ സന്തോഷത്തോടെ പങ്കെടുത്തു. വൈപ്പിൻ മണ്ഡലത്തിലെ വിനോദസഞ്ചാര വികസന സാധ്യതകൾ കണക്കിലെടുത്ത് നടപ്പാക്കുന്ന കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി എറണാകുളം മറൈൻഡ്രൈവിലെ വാട്ടർമെട്രോയിൽനിന്നാണ് ആരംഭിക്കുന്നത്.

ബോൾഗാട്ടിയിൽ എത്തി അവിടെനിന്ന് ബോട്ടിൽ താന്തോന്നിത്തുരുത്ത്, ചെരിയൻതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലേക്ക്. ഉച്ചഭക്ഷണത്തിനുശേഷം തിരികെ ബോൾഗാട്ടിയിൽ. അവിടെനിന്ന് മാലിപ്പുറം, എളങ്കുന്നപ്പുഴ ബീച്ച് എന്നിവ ഉൾപ്പെടുന്നതാണ് യാത്ര. ഉച്ചഭക്ഷണവും ചായയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341548/ksrtcs-kadamakudy-budget-tourism-first-group-welcomed)