---
title: "വൺവേ സംവിധാനം ലംഘിച്ച് സർവീസ് നടത്തിയ ബസുകൾ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു"
english_title: "Buses operating in violation of the one-way system were stopped by LDF councilors"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341347/buses-operating-in-violation-of-the-one-way-system-were-stopped-by-ldf-councilors"
published_at: "2026-02-11T11:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c1d6b00ade_bhui.jpg"
keywords: []
---

# വൺവേ സംവിധാനം ലംഘിച്ച് സർവീസ് നടത്തിയ ബസുകൾ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു

> **Lead Summary:** പെരുമ്പാവൂർ : ട്രാഫിക് ഉപദേശകസമിതി തീരുമാനം നഗരസഭ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വൺവേ സംവിധാനം ലംഘിച്ച് സർവീസ് നടത്തിയ ബസുകൾ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു.

## Article Content

പെരുമ്പാവൂർ : ട്രാഫിക് ഉപദേശകസമിതി തീരുമാനം നഗരസഭ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വൺവേ സംവിധാനം ലംഘിച്ച് സർവീസ് നടത്തിയ ബസുകൾ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു.

ഡോ. അജി സി പണിക്കർ, കെ പി റെജിമോൻ, വി ഒ ചെറിയാൻ, ലത സുകുമാരൻ, ബീന രാജൻ, കെ ബി നൗഷാദ്, എൽദോസ് വീണമാലി, ഹയറുന്നിസ നസീർ എന്നിവരുടെ നേതൃത്വത്തിലാണ് ബസ്‌ തടഞ്ഞത്.

ഔഷധി ജങ്ഷനിൽനിന്ന് തിരിഞ്ഞ് മിനി സിവിൽ സ്റ്റേഷൻ, കെഎസ്ഇബി, താലൂക്കാശുപത്രി, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിലേക്കു പോകേണ്ട യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട് കുറുക്കുവഴിയായ ജി കെ പിള്ള റോഡ് വഴിയാണ് കടന്നുപോകുന്നത്. ഇതുവഴി കടന്നുപോകുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ പങ്കെടുത്ത യോഗത്തിൽ തീരുമാനമായിട്ടും കൗൺസിലിൽ അജൻഡവച്ച് ചർച്ചചെയ്യാൻ യുഡിഎഫ് ഭരണസമിതി തയ്യാറായില്ല.

അങ്കമാലിയിൽനിന്നുവരുന്ന ബസുകൾ എംസി റോഡ് മുറിച്ച് ജി കെ പിള്ള റോഡിലേക്ക് തിരിക്കുമ്പോൾ വാഹനാപകടവും യാത്രക്കാർക്ക് സാമ്പത്തികനഷ്ടവും സംഭവിക്കുന്നതിനാൽ ഇതുവഴി ബസുകളുടെ ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. ബസുകൾ നിയമലംഘനം തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്ന് എൽഡിഎഫ് അംഗങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341347/buses-operating-in-violation-of-the-one-way-system-were-stopped-by-ldf-councilors)