---
title: "കൂട്ട ആത്മഹത്യ ; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ  "
english_title: "Mass suicide; Five members of a family found dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/341336/mass-suicide-five-members-of-a-family-found-dead"
published_at: "2026-02-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c156931b8c_drryh.jpg"
keywords: []
---

# കൂട്ട ആത്മഹത്യ ; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ  

> **Lead Summary:** മഥുരയിലെ ഖപ്പർപൂരിൽ കർഷകനായ മനീഷ് കുമാറും കുടുംബവും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മനീഷ്, ഭാര്യ സീമ , മക്കളായ ഹണി , പ്രിയാൻഷി , പ്രതീക് എന്നിവരെയും ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

മഥുരയിലെ ഖപ്പർപൂരിൽ കർഷകനായ മനീഷ് കുമാറും കുടുംബവും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മനീഷ്, ഭാര്യ സീമ , മക്കളായ ഹണി , പ്രിയാൻഷി , പ്രതീക് എന്നിവരെയും ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഓരോരുത്തരുടെയും മരണകാരണം വ്യത്യസ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനീഷ് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഭാര്യ സീമ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്ന് കുട്ടികളും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മഥുര എസ്എസ്പി ശ്ലോക് കുമാർ അറിയിച്ചു. മനീഷ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം സ്വയം വൈദ്യുതാഘാതമേൽപ്പിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം.

> മരിക്കുന്നതിന് മുൻപ് മനീഷ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശവും ചുവരിൽ എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. "ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്, ഇതിൽ ആർക്കും പങ്കില്ല, പൊലീസ് ആരെയും ബുദ്ധിമുട്ടിക്കരുത്" എന്ന് വീഡിയോയിൽ മനീഷ് 

> പറയുന്നു. താൻ മാനസികമായി വളരെയധികം തകർന്നിരുന്നുവെന്നും മനീഷ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് ഒരു സ്ഥലം വിറ്റിരുന്നുവെന്നും അതിന്റെ പണം വാങ്ങിയ ആൾക്ക് ഈ മരണത്തിൽ പങ്കില്ലെന്നും മനീഷ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. "ഞാനും സീമയും സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നത്" എന്ന് വീടിന്റെ ചുവരിലും എഴുതിയിരുന്നു. മനീഷ് ഒരു മാന്ത്രികനുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കുട്ടികൾ കളിക്കാൻ പുറത്തുവരാത്തതിനെത്തുടർന്ന് അയൽവാസികൾക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തറിയാൻ കാരണമായത്. ജനാലയിലൂടെ നോക്കിയ മനീഷിന്റെ സഹോദരൻ ഉള്ളിൽ അനക്കമില്ലെന്ന് കണ്ട് മതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഞ്ചുപേരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/341336/mass-suicide-five-members-of-a-family-found-dead)