---
title: "വാഹനാപകടം ; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു"
english_title: "Vehicle accident; Actor Maniyanpilla Raju's arrest recorded and released on station bail."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340471/vehicle-accident-actor-maniyanpilla-rajus-arrest-recorded-and-released-on-station-bail"
published_at: "2026-02-06T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858edbe0cea_adffc.jpg"
keywords: []
---

# വാഹനാപകടം ; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

> **Lead Summary:** തിരുവനന്തപുരം : ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

## Article Content

തിരുവനന്തപുരം : ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ജീവഹാനി വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചു, ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് മണിയൻപിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാഹനത്തിൻ്റ മുൻഭാഗം തകർന്ന നിലയിലാണ്. അൽപസമയം മുൻപായിരുന്നു മണിയൻപിളള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായത്. തുടർന്ന് വൈദ്യപരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു മണിയൻപിള്ള രാജുവിനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് സമ്മതിച്ചു. അമിതവേഗത്തിൽ വന്ന ബൈക്ക് തന്റെ കാറിലിടിക്കുകയായിരുന്നുവെന്നും ക്യാൻസർ ബാധിതനായ താൻ ആ നിമിഷം പരിഭ്രാന്തനായതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു. പേടി കാരണമാണ് വാഹനം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിനും നട്ടെല്ലിനും പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. നടന്റെ യഥാർത്ഥ പേരായ സുധീർകുമാർ രാജു എന്ന പേരിലാണ് കാർ രജിസ്റ്റർ ചെയ്‌തിരുന്നത്. അപകടത്തിന് പിന്നാലെ നടന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340471/vehicle-accident-actor-maniyanpilla-rajus-arrest-recorded-and-released-on-station-bail)