---
title: " ജനറൽ ആശുപത്രിയിൽ നഗരസഭ അധികൃതരുടെ മിന്നൽ പരിശോധന ; പ്രവർത്തനത്തിൽ ഗുരുതര വീഴ്ച"
english_title: "Municipal authorities conduct a lightning inspection at the General Hospital; Serious shortcomings in operations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340121/municipal-authorities-conduct-a-lightning-inspection-at-the-general-hospital-serious-shortcomings-in-operations"
published_at: "2026-02-04T14:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69831108af815_ggyyu.jpg"
keywords: []
---

#  ജനറൽ ആശുപത്രിയിൽ നഗരസഭ അധികൃതരുടെ മിന്നൽ പരിശോധന ; പ്രവർത്തനത്തിൽ ഗുരുതര വീഴ്ച

> **Lead Summary:** **മൂവാറ്റുപുഴ **: ജനറൽ ആശുപത്രിയിൽ നഗരസഭ അധികൃതർ മിന്നൽ പരിശോധന നടത്തി.ആശുപത്രിയുടെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. 

## Article Content

**മൂവാറ്റുപുഴ **: ജനറൽ ആശുപത്രിയിൽ നഗരസഭ അധികൃതർ മിന്നൽ പരിശോധന നടത്തി.ആശുപത്രിയുടെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. 

നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ പി. രജിത, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ സി.എം.ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

രാവിലെ 8 മണിക്ക് ആരംഭിക്കേണ്ട ഒപി റജിസ്ട്രേഷൻ കൃത്യസമയത്ത് ആരംഭിക്കുന്നില്ലെന്നും കൗണ്ടറുകളിൽ ജീവനക്കാരുടെ കുറവുണ്ടെന്നും കണ്ടെത്തി. ഫീസ് അടയ്ക്കാതെ ജീവനക്കാർ വരി നിൽക്കുന്ന രോഗികളെ മറികടന്ന് ഒന്നിലധികം പേർക്കു വേണ്ടി ഒപി ടിക്കറ്റ് എടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. രാവിലെ 8.45 പിന്നിട്ടും ഒപിയിൽ ഡോക്ടർമാർ എത്തിയിരുന്നില്ല.ആയതിനാൽ രാവിലെ മുതൽ രോഗികളുടെ വലിയ തിരക്കും ദുരിതവുമാണ്.

പലരും അവശരായി തലകറങ്ങി വീഴുന്ന സ്ഥിതി ഉണ്ടായി. ആശുപത്രിയിലെ ശുചീകരണ സംവിധാനങ്ങൾ തീർത്തും അശാസ്ത്രീയമാണെന്നും പരിശോധനയിൽ കണ്ടെത്തി. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങൾ തന്നെയാണ് ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഫ്ലോർ ഉൾപ്പെടെ വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്.ആശുപത്രിയിൽ കണ്ടെത്തിയ വീഴ്ചകളും വിവരങ്ങളും ആർഎംഒ, സൂപ്രണ്ട് എന്നിവരെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടി ഷെഡ്യൂളുകളിൽ അടിയന്തര മാറ്റം വരുത്താൻ നിർദേശിച്ചു.

സൗഹൃദപരമായ പരിശോധനയാണെന്നു നടന്നതെന്നും റജിസ്ട്രേഷൻ കൗണ്ടറുകൾ രാവിലെ 7.30ന് തന്നെ തുറന്ന് ടോക്കൺ നൽകാനുള്ള സംവിധാനം ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും സ്ഥിരസമിതി അധ്യക്ഷർ അറിയിച്ചു. കൂടുതൽ ഡേറ്റ എൻട്രി ജീവനക്കാരെ നിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ നഴ്സുമാരുടെ സേവനം ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. 15 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കർശന നിലപാടുകൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340121/municipal-authorities-conduct-a-lightning-inspection-at-the-general-hospital-serious-shortcomings-in-operations)