---
title: "സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തായ പൂജാരി അറസ്റ്റിൽ "
english_title: "Mother's friend, priest arrested for brutally torturing two brothers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340104/mothers-friend-priest-arrested-for-brutally-torturing-two-brothers"
published_at: "2026-02-04T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69830853a895d_98434e63-0a95-4fdc-ab58-f78a0aa6f699.jfif"
keywords: []
---

# സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തായ പൂജാരി അറസ്റ്റിൽ 

> **Lead Summary:** കൊല്ലം : കരുനാഗപ്പള്ളി കല്ലേരിഭാഗം 'സുകൃതത്തിൽ' സമ്പത്തിനെ ആണ് വടകര പോലീസ് ബംഗളൂരുവിൽ നിന്ന് സാഹസികമായി പിടികൂടിയത്. ട്രെയിൻ യാത്രയ്ക്കിടയിലുള്ള സൗഹൃദം മുതലെടുത്ത് കുട്ടികളുടെ സംരക്ഷണ ചുമതലയേറ്റെടുത്ത പ്രതി, അവർക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമവും ശാരീരിക പീഡനവും നടത്തുകയായിരുന്നു.

## Article Content

കൊല്ലം : കരുനാഗപ്പള്ളി കല്ലേരിഭാഗം 'സുകൃതത്തിൽ' സമ്പത്തിനെ ആണ് വടകര പോലീസ് ബംഗളൂരുവിൽ നിന്ന് സാഹസികമായി പിടികൂടിയത്. ട്രെയിൻ യാത്രയ്ക്കിടയിലുള്ള സൗഹൃദം മുതലെടുത്ത് കുട്ടികളുടെ സംരക്ഷണ ചുമതലയേറ്റെടുത്ത പ്രതി, അവർക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമവും ശാരീരിക പീഡനവും നടത്തുകയായിരുന്നു.

വിശ്വാസം തകർത്ത ക്രൂരത ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന കുട്ടികളുടെ മാതാവ് വിദേശത്ത് ജോലിക്ക് പോയ സമയത്താണ് മക്കളെ നോക്കാൻ സുഹൃത്തായ സമ്പത്തിനെ ഏൽപ്പിച്ചത്. ഈ കാലയളവിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും സിഗരറ്റ് കൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ജനുവരി 16-ന് മാതാവ് നൽകിയ പരാതിയെത്തുടർന്ന് കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

വടകര, പേരാമ്പ്ര, മൈസൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന ഇയാൾ പോലീസിനെ വെട്ടിച്ച് പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വടകര എസ്.എച്ച്.ഒ കെ. മുരളീധരന്റെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം ഇയാളെ വലയിലാക്കിയത്. സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, എ.എസ്.ഐമാരായ ഇ. ഗണേഷൻ, കെ.കെ. സിജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വടകരയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340104/mothers-friend-priest-arrested-for-brutally-torturing-two-brothers)