---
title: "പാർട്ടിയിൽ കുടിവെള്ളം ചോദിച്ചതിനു പിന്നാലെ തർക്കം; മർദ്ദനമേറ്റ ബിസിനസുകാരന് ദാരുണാന്ത്യം"
english_title: "Businessman beaten to death after argument over drinking water at party."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/340019/businessman-beaten-to-death-after-argument-over-drinking-water-at-party"
published_at: "2026-02-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982d43be2520_1000485511.png"
keywords: []
---

# പാർട്ടിയിൽ കുടിവെള്ളം ചോദിച്ചതിനു പിന്നാലെ തർക്കം; മർദ്ദനമേറ്റ ബിസിനസുകാരന് ദാരുണാന്ത്യം

> **Lead Summary:** ഡൽഹി : ഡൽഹി കൊണാട്ട് പ്ലേസിൽ പാർട്ടിക്കിടെ മർദനമേറ്റ വ്യാപാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ മൂന്ന് ഭക്ഷണവിതരണ ജീവനക്കാർ പിടിയിലായി.

## Article Content

ഡൽഹി : ഡൽഹി കൊണാട്ട് പ്ലേസിൽ പാർട്ടിക്കിടെ മർദനമേറ്റ വ്യാപാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ മൂന്ന് ഭക്ഷണവിതരണ ജീവനക്കാർ പിടിയിലായി.

ജനുവരി 2നാണ് രാജിവ് ചൗക് മെട്രോ സ്റ്റേഷനടുത്തുവച്ച് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. സുഹൃത്തിനൊപ്പം നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു 36കാരനായ ശിവം ഗുപ്‌ത.

ഭക്ഷണവിതരണ ശൃംഖലയിലെ ജീവനക്കാരോട് കുടിക്കാൻ വെള്ളം ചോദിച്ചതോടെയാണ് ശിവം ഗുപ്‌തയുമായി തർക്കം ആരംഭിക്കുന്നത്. തർക്കം അധികം വൈകാതെ കയ്യാങ്കളിയിലെത്തി. മൂന്ന് ജീവനക്കാർ ചേർന്ന് ശിവം ഗുപ്‌തയെ ഹെൽമറ്റ് ഉപയോഗിച്ചുൾപ്പെടെ തലങ്ങും വിലങ്ങും മർദിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മർദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തതോടെ ശിവം ഗുപ്‌ത ചോരയൊലിച്ച് റോഡിലേക്ക് ബോധരഹിതനായി വീണു.

ജനുവരി മൂന്നിന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം പൊലീസ് അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഗുരുതരമായ പരുക്കായിരുന്നു വ്യാപാരിക്ക് തലയിൽ ഉൾപ്പെടെ സംഭവിച്ചത്. രക്തക്കുഴലുകളെല്ലാം പൊട്ടിയ നിലയിലായിരുന്നു. പൊലീസിനു മൊഴിയെടുക്കാൻ പോലും സാധിച്ചിരുന്നില്ല. പിറ്റേ ദിവസം ആരോഗ്യാവസ്ഥ വീണ്ടും ഗുരുതരമായതിനാൽ റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.

അടിയന്തര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും അപകടനില തരണം ചെയ്‌തില്ലെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. ഒടുവിൽ ജനുവരി 19ന് ശിവം മരണത്തിനു കീഴടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ ഉൾപ്പെടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് മൂന്നുപ്രതികളെ അറസ്റ്റ് ചെയ്ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/340019/businessman-beaten-to-death-after-argument-over-drinking-water-at-party)