---
title: "ഒൻപത് വർഷത്തെ നീണ്ട പ്രണയം ; വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ദാരുണ കൊലപാതകം , ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കുടുംബവും"
english_title: "Nine years of love; Tragic murder within two months of marriage; Wife and family strangle husband to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339626/nine-years-of-love-tragic-murder-within-two-months-of-marriage-wife-and-family-strangle-husband-to-death"
published_at: "2026-02-02T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698050a927722_1000483170.png"
keywords: []
---

# ഒൻപത് വർഷത്തെ നീണ്ട പ്രണയം ; വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ദാരുണ കൊലപാതകം , ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യയും കുടുംബവും

> **Lead Summary:** ബറേലി: ഒൻപത് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികളുടെ ജീവിതം അവസാനിച്ചത് ഭർത്താവിന്റെ കൊലപാതകത്തിൽ.

## Article Content

ബറേലി: ഒൻപത് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികളുടെ ജീവിതം അവസാനിച്ചത് ഭർത്താവിന്റെ കൊലപാതകത്തിൽ.

വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിലാണ് ദാരുണമായ കൊലപാതകം. ഉത്തർപ്രദേശിലെ ബറേലിയിൽ 33-കാരനായ ജിതേന്ദ്ര കുമാർ യാദവിനെയാണ് ഭാര്യ ജ്യോതിയും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 26-ന് ഇസത്ന‌ഗർ മേഖലയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജിതേന്ദ്രയുടേത് ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.

കഴിഞ്ഞ വർഷം നവംബർ 25-നായിരുന്നു ജിതേന്ദ്രയുടെയും ജ്യോതിയുടെയും വിവാഹം. വിദ്യാർഥികളായിരുന്നപ്പോൾതൊട്ട് പ്രണയത്തിലായിരുന്ന ഇവർ, ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്‌ചകൾക്കുള്ളിൽ തന്നെ സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായി. ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ ജിതേന്ദ്ര പിൻവലിച്ച് ഓൺലൈൻ ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജനുവരി 26-ന് ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

തർക്കം രൂക്ഷമായതോടെ ജ്യോതി തൻ്റെ മാതാപിതാക്കളെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ജ്യോതിയുടെ അച്ഛൻ കാളിചരൺ, അമ്മ ചമേലി, സഹോദരൻ ദീപക് എന്നിവർ ചേർന്ന് ജിതേന്ദ്രയെ ബലമായി പിടിച്ചുവെക്കുകയും ജ്യോതി ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജിതേന്ദ്ര മരിച്ചുവെന്ന് ഉറപ്പായതോടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. കഴുത്തിൽ ഷാൾ ചുറ്റി ജനൽ അഴിയിൽ കെട്ടിത്തൂക്കിയ ശേഷം ജിതേന്ദ്ര ആത്മഹത്യ ചെയ്‌തതാണെന്ന് അയൽക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു.

ജിതേന്ദ്രയുടെ സഹോദരൻ അജയ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിച്ചാണെന്ന് വ്യക്തമായതോടെ ആത്മഹത്യ എന്ന വാദം പൊളിഞ്ഞു. പൊലീസ് ജ്യോതിയെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കരാർ തൊഴിലാളിയായിരുന്നു ജിതേന്ദ്ര. ജ്യോതി ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി ചെയ്‌തുവരികയായിരുന്നു. ഒളിവിൽ പോയ ജ്യോതിയുടെ സഹോദരൻ ദീപക്കിനായി തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339626/nine-years-of-love-tragic-murder-within-two-months-of-marriage-wife-and-family-strangle-husband-to-death)