---
title: "ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ചു ; സാരിയിൽ യുവതി പിടഞ്ഞ് മരിക്കുമ്പോൾ മാറിനിന്ന് ഭർത്താവ്"
english_title: "Husband convinces wife to die together; wife dies while being tied to saree."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339323/husband-convinces-wife-to-die-together-wife-dies-while-being-tied-to-saree"
published_at: "2026-01-31T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dbaae3bc74_1000481365.png"
keywords: []
---

# ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ചു ; സാരിയിൽ യുവതി പിടഞ്ഞ് മരിക്കുമ്പോൾ മാറിനിന്ന് ഭർത്താവ്

> **Lead Summary:** പാലക്കാട് : കോട്ടായിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. ദീപിക എന്ന യുവതി മരിച്ച കേസിൽ ഭർത്താവ് ശിവദാസനാണ് അറസ്റ്റിലായത്.

## Article Content

പാലക്കാട് : കോട്ടായിയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. ദീപിക എന്ന യുവതി മരിച്ച കേസിൽ ഭർത്താവ് ശിവദാസനാണ് അറസ്റ്റിലായത്.

ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ച ശിവദാസൻ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ 25 നാണ് വീട്ടിൽ ദീപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ശിവദാസൻറെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് സംശയമുണ്ടാക്കി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആറു വർഷം മുമ്പാണ് ശിവദാസനും ദീപികയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവർക്കും കുട്ടികൾ ഇല്ല. ഇതിൻറെ കടുത്ത മനോവിഷമത്തിലായിരുന്നു ദീപിക. ഇത് ചൂഷണം ചെയ്യാൻ തീരുമാനിച്ച ശിവദാസൻ, ഒരുമിച്ച് മരിക്കാമെന്ന് ദീപികയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ഒരു സാരിയിൽ ഒരുമിച്ച് തൂങ്ങി മരിക്കാനായിരുന്നു തീരുമാനം. സാരികൊണ്ട് രണ്ട് കുരുക്കുണ്ടാക്കി. എന്നാൽ, ദീപിക കുരുക്കിൽ പിടഞ്ഞ് മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ സമീപവാസികളെ വിവരമറിയിക്കുകയും ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്‌തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണകുറ്റമാണ് ഇപ്പോൾ ശിവദാസനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339323/husband-convinces-wife-to-die-together-wife-dies-while-being-tied-to-saree)