---
title: "ഉറങ്ങിക്കിടന്നത് ഒരുമിച്ച് ; വീടിന് തീയിട്ട് രണ്ടാനച്ഛൻ ,മുറിക്കുള്ളിൽ നിന്നും അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ "
english_title: "They slept together; Stepfather sets house on fire, brother bravely rescues younger sister from inside room."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339259/they-slept-together-stepfather-sets-house-on-fire-brother-bravely-rescues-younger-sister-from-inside-room"
published_at: "2026-01-31T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d7c0026b08_1000436926.png"
keywords: []
---

# ഉറങ്ങിക്കിടന്നത് ഒരുമിച്ച് ; വീടിന് തീയിട്ട് രണ്ടാനച്ഛൻ ,മുറിക്കുള്ളിൽ നിന്നും അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ 

> **Lead Summary:** പത്തനംതിട്ട : പത്തനംതിട്ട കോന്നിയിയിൽ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളിൽ നിന്നും അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ.

## Article Content

പത്തനംതിട്ട : പത്തനംതിട്ട കോന്നിയിയിൽ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളിൽ നിന്നും അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ.

ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് തീയിടുകയായിരുന്നു. ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിൻ്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരൻ പുറത്തിറക്കിയത്.

പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകർത്ത് പുറത്തിറക്കിയത്.

സിജുപ്രസാദ് ഭാര്യ രജനി, മകൻ പ്രവീൺ, ഇളയ മകൾ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരിക്കില്ല.

വെളളിയാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം എറിയുകയായിരുന്നു. ടിന്നർ ദേഹത്ത് വീണതോടെ പ്രവീൺ എഴുന്നേൽക്കുകയായിരുന്നു. ഇതിനിടെ തീപടർന്നു.

വീട്ടിൽ നിന്നും കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽപക്കത്തുള്ളവർ ഓടിക്കൂടുകയായിരുന്നു. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. കുടുംബകലഹമാണ് തീയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339259/they-slept-together-stepfather-sets-house-on-fire-brother-bravely-rescues-younger-sister-from-inside-room)