---
title: "കമിതാക്കൾ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "The lovers were found hanging in their lodge room."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339248/the-lovers-were-found-hanging-in-their-lodge-room"
published_at: "2026-01-31T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d6383ea209_1000406302.png"
keywords: []
---

# കമിതാക്കൾ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കോട്ടയം : കോട്ടയത്ത് കമിതാക്കൾ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസിൽ ആസിയ തസനിം, പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ എന്നിവരെയാണ് ഒരേ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോട്ടയം : കോട്ടയത്ത് കമിതാക്കൾ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസിൽ ആസിയ തസനിം, പുതുപ്പള്ളി പനംതാനത്ത് ഹൗസിൽ നന്ദകുമാർ എന്നിവരെയാണ് ഒരേ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശാസ്ത്രി റോഡിലെ ലോഡ്‌ജിലാണ് വെള്ളിയാഴ്‌ച രാത്രി കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഇരുവരും ലോഡ്‌ജിൽ മുറിയെടുത്തത്. വെള്ളിയാഴ്‌ച വൈകിയും ഇരുവരെയും മുറിയിൽ നിന്ന് പുറത്തു കാണാതെ വന്നതോടെ ജീവനക്കാർ രാത്രി എട്ടിന് കോട്ടയം വെസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ശനിയാഴ്‌ച രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഇരുവരും കമിതാക്കൾ ആയിരുന്നുവെന്നും ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ജീവനൊടുക്കുകയാണെന്നും ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339248/the-lovers-were-found-hanging-in-their-lodge-room)