---
title: "രാവിലെ വാതിൽ തുറന്നില്ല, അയൽ വാസികളെത്തിയപ്പോൾ കീടനാശിനി കഴിച്ച് മൂന്ന് സഹോദരിമാർ അവശ നിലയിൽ; ഒരാൾ മരിച്ചു"
english_title: "When the door was not opened in the morning, three sisters were found unconscious after consuming pesticide when the neighbors arrived; one died."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339109/when-the-door-was-not-opened-in-the-morning-three-sisters-were-found-unconscious-after-consuming-pesticide-when-the-neighbors-arrived-one-died"
published_at: "2026-01-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c5f85c7fa1_1000480369.jpg"
keywords: []
---

# രാവിലെ വാതിൽ തുറന്നില്ല, അയൽ വാസികളെത്തിയപ്പോൾ കീടനാശിനി കഴിച്ച് മൂന്ന് സഹോദരിമാർ അവശ നിലയിൽ; ഒരാൾ മരിച്ചു

> **Lead Summary:** തൃശൂർ: തൃശൂർ ആറ്റൂരിൽ വയോധികരായ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു. ഒരാൾ മരിച്ചു.

## Article Content

തൃശൂർ: തൃശൂർ ആറ്റൂരിൽ വയോധികരായ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു. ഒരാൾ മരിച്ചു.

രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. 72കാരിയായ സരോജിനിയാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇന്നുരാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. മൂന്നു സഹോദരിമാർ മാത്രമായിരുന്നു ആ വീട്ടിൽ കഴിഞ്ഞിരുന്നത്.

അവിവാഹിതരായിരുന്നു. സരോജിനിക്കൊപ്പം ജാനകിയമ്മ (74), ദേവകിയമ്മ (75) എന്നിവരാണ് വിഷം കഴിച്ചത്. നേരം പുലർന്ന് ഏറെ നേരമായിട്ടും മൂന്നുപേരെയും പുറത്തേക്ക് കാണാതായതോടെയാണ് അയൽക്കാർ ശ്രദ്ധിക്കുന്നത്.

വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും സരോജിനയമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേരും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.

പ്രായാധിക്യവും മറ്റാരും കൂട്ടിനില്ലാത്ത വേദനയും മൂവരേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ചെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. കീടനാശിനി കഴിച്ചാണ് മൂന്നുപേരും ജീവനൊടുക്കാൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339109/when-the-door-was-not-opened-in-the-morning-three-sisters-were-found-unconscious-after-consuming-pesticide-when-the-neighbors-arrived-one-died)