---
title: "ജോയിന്റ്‌ ആർടി ഓഫീസിൽ തീപിടിത്തം ; ഇ-സേവനകേന്ദ്രം കത്തിനശിച്ചു"
english_title: "Fire breaks out at Joint RT office; E-service center gutted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/339066/fire-breaks-out-at-joint-rt-office-e-service-center-gutted"
published_at: "2026-01-30T11:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c4561b649a_cgh.jpg"
keywords: []
---

# ജോയിന്റ്‌ ആർടി ഓഫീസിൽ തീപിടിത്തം ; ഇ-സേവനകേന്ദ്രം കത്തിനശിച്ചു

> **Lead Summary:** പെരുമ്പാവൂർ : പട്ടാലിൽ സ്ഥിതിചെയ്യുന്ന ജോയിന്റ്‌ ആർടി ഓഫീസിൽ തീപിടിത്തം. ഇ–സേവന കേന്ദ്രത്തിലും റെക്കോഡ് റൂമിലുമാണ് തീപടർന്നത്. വ്യാഴം രാവിലെ ആറിനാണ് തീപിടിച്ചത്.

## Article Content

പെരുമ്പാവൂർ : പട്ടാലിൽ സ്ഥിതിചെയ്യുന്ന ജോയിന്റ്‌ ആർടി ഓഫീസിൽ തീപിടിത്തം. ഇ–സേവന കേന്ദ്രത്തിലും റെക്കോഡ് റൂമിലുമാണ് തീപടർന്നത്. വ്യാഴം രാവിലെ ആറിനാണ് തീപിടിച്ചത്.

നഗരസഭയുടെ രണ്ടുനിലയുള്ള കെട്ടിടത്തിൽ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന ജോയിന്റ്‌ ആർടി ഓഫീസിലെ ഇ–സേവന കേന്ദ്രത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ജീവനക്കാരാണ് തീപിടിത്തം കണ്ടത്. സമീപത്തുള്ള അഗ്നി രക്ഷാസേനയെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

ഇ–സേവന കേന്ദ്രത്തിലെ കംപ്യൂട്ടറും യുപിഎസ്, പ്രിന്റർ, ഇൻവെർട്ടർ, നെറ്റ് കേബിളുകളും കത്തിനശിച്ചു. റെക്കോഡ് റൂമിന്റെ ജനൽപ്പാളികളിലേക്ക് തീപടർന്നു. ലൈസൻസ്, ആർസി ബുക്കുകളുടെ രേഖകൾ കുറച്ച് കത്തിയെങ്കിലും തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ കുതിർന്നുനശിച്ചു. പ്രധാന ഓഫീസ് മുറികൾ, തൊട്ടടുത്ത അങ്കണവാടി, മിത്രകലാ ലൈബ്രറി എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് തീപടരുന്ന്‌ ഒഴിവാക്കാനായി. അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ സുരേഷ്, സേനാ അംഗങ്ങളായ എസ് അരുൺ, എം കെ നാസർ, ജയ്സ് ജോയ് എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർകൊണ്ടാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/339066/fire-breaks-out-at-joint-rt-office-e-service-center-gutted)