---
title: "പിറവം കണ്ണീറ്റുമല ഗ്രീൻഹിൽ പാർക്കിലെ ചെടികളും പുല്ലും കരിഞ്ഞുണങ്ങിയ നിലയിൽ ; ശുചിമുറികളിൽ പോലും വെള്ളമില്ല"
english_title: "The plants and grass at Piravom Kanneettumala Greenhill Park are scorched; there is no water even in the toilets."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338722/the-plants-and-grass-at-piravom-kanneettumala-greenhill-park-are-scorched-there-is-no-water-even-in-the-toilets"
published_at: "2026-01-28T14:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979cfd02ef86_dddggb.jpg"
keywords: []
---

# പിറവം കണ്ണീറ്റുമല ഗ്രീൻഹിൽ പാർക്കിലെ ചെടികളും പുല്ലും കരിഞ്ഞുണങ്ങിയ നിലയിൽ ; ശുചിമുറികളിൽ പോലും വെള്ളമില്ല

> **Lead Summary:** പിറവം : നഗരസഭ മുൻ എൽഡിഎഫ് ഭരണസമിതി 3 മാസം മുൻപു കണ്ണീറ്റുമലയിൽ പൂർത്തിയാക്കിയ ഗ്രീൻഹിൽ പാർക്ക് ബാധ്യതയാകുന്നതായി ഇപ്പോഴത്തെ നഗരസഭ യുഡിഎഫ് ഭരണസമിതി.

## Article Content

പിറവം : നഗരസഭ മുൻ എൽഡിഎഫ് ഭരണസമിതി 3 മാസം മുൻപു കണ്ണീറ്റുമലയിൽ പൂർത്തിയാക്കിയ ഗ്രീൻഹിൽ പാർക്ക് ബാധ്യതയാകുന്നതായി ഇപ്പോഴത്തെ നഗരസഭ യുഡിഎഫ് ഭരണസമിതി.

നഗരസഭയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഉപയോഗശൂന്യമായി കിടന്ന സ്ഥലം പ്രയോജനപ്പെടുത്തിയാണ് ഗ്രീൻഹിൽ പാർക്ക് പൂർത്തിയാക്കിയത്. മാലിന്യ സംസ്കരണ പ്ലാന്റിൽ 1.20 കോടി രൂപയോളം മുതൽ മുടക്കിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കൊപ്പമാണു പാർക്ക് പൂർത്തിയായതെന്നായിരുന്നു വിശദീകരണം. പച്ചപ്പുല്ലും ചെടികളും നട്ടുപിടിപ്പിച്ചു മനോഹരമാക്കിയ പാർക്ക് ആദ്യഘട്ടത്തിൽ കണ്ണിന് ഇമ്പമേകുന്ന കാഴ്ചയായിരുന്നു.

നഗരസഭാ ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നായാണു പദ്ധതി ഉയർത്തിക്കാട്ടിയത്. 3 മാസങ്ങൾക്കിപ്പുറം വേനൽകടുത്തതോടെ പാർക്കിലെ പച്ചപ്പ് അപ്രത്യക്ഷമായി. ചെടികളും പുല്ലും വാടിക്കരിഞ്ഞു. ശുചിമുറികളിൽ പോലും ഉപയോഗിക്കാനാകുന്നില്ല. ആദ്യദിനങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിച്ചു നനച്ചുവെങ്കിലും നഗരസഭ ഫണ്ട് വകയിരുത്താനാകാത്തതിനാൽ ഇതു നിലച്ചു. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ ക്രമക്കേട് ഉയരുമെന്ന സംശയവും ടാങ്കറിൽ വെള്ളം എത്തിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

അതേസമയം ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയതാണു ലക്ഷങ്ങൾ പാഴായ പദ്ധതിക്കു വിനയായതെന്നു ആക്ഷേപമുണ്ട്. വേനൽ‌സമയത്തു രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശമാണു കണ്ണീറ്റുമല. ജലഅതോറിറ്റിയുടെ ശുദ്ധജലം പോലും സുലഭമായി ലഭിക്കില്ല. ഇവിടെ പാർക്കു നിർമിക്കുന്നതിനു മുൻപേ ജലലഭ്യതയ്ക്കുള്ള സൗകര്യം ഉറപ്പാക്കേണ്ടിയിരുന്നുവെന്നു നഗരസഭ‌ാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ പറഞ്ഞു. ലക്ഷങ്ങളാണു പദ്ധതിയിൽ ചെലവിട്ടത് മക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ചെയർമാൻ അറിയിച്ചു. ഉപാധ്യക്ഷ അന്നമ്മ ഡോമി,സ്ഥിര സമിതി അധ്യക്ഷരായ അരുൺ കല്ലറക്കൽ, ജയ്സൺ പുളിക്കൽ, ഷിബു തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338722/the-plants-and-grass-at-piravom-kanneettumala-greenhill-park-are-scorched-there-is-no-water-even-in-the-toilets)