---
title: "ദീപകിന്റെ ആത്മഹത്യ ; പ്രതി ഷിംജിത ജയിലിൽ തന്നെ , ജാമ്യാപേക്ഷ തള്ളി കോടതി  "
english_title: "Deepak's suicide; Accused Shimjita remains in jail, court rejects bail plea"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338532/deepaks-suicide-accused-shimjita-remains-in-jail-court-rejects-bail-plea"
published_at: "2026-01-27T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697880faea95d_gtfgyuuy.jpg"
keywords: []
---

# ദീപകിന്റെ ആത്മഹത്യ ; പ്രതി ഷിംജിത ജയിലിൽ തന്നെ , ജാമ്യാപേക്ഷ തള്ളി കോടതി  

> **Lead Summary:** കോഴിക്കോട് : ബസ്സിൽ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

## Article Content

കോഴിക്കോട് : ബസ്സിൽ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വളരെ ഗൗരവകരമായ കുറ്റകൃത്യമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിരീക്ഷിച്ച കോടതി, ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു.

മുൻ പഞ്ചായത്ത് അംഗം കൂടിയായ പ്രതിക്ക് നിയമത്തെക്കുറിച്ച് അറിവുണ്ടായിട്ടും പൊലീസിൽ പരാതിപ്പെടുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ ദീപക്കിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാനും സാമ്പത്തിക നേട്ടത്തിനുമായി പ്രതി ബോധപൂർവ്വം വീഡിയോകൾ ചിത്രീകരിക്കുകയും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.എന്നാൽ ബസ്സിലെ സിസിടിവി ദൃശ്യങ്ങളിൽ ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ്.കേസിലെ മറ്റ് തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338532/deepaks-suicide-accused-shimjita-remains-in-jail-court-rejects-bail-plea)