---
title: "ആംബുലൻസ് കിട്ടുന്നില്ല ; ഭർത്താവ് പച്ചക്കറി വണ്ടിയിൽ ആശുപത്രിയിലെത്തിച്ച ഭാര്യ മരിച്ചു"
english_title: "Unable to get an ambulance; wife dies after husband takes her to hospital in vegetable cart."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338363/unable-to-get-an-ambulance-wife-dies-after-husband-takes-her-to-hospital-in-vegetable-cart"
published_at: "2026-01-26T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69773ecc895fa_hju.jpg"
keywords: []
---

# ആംബുലൻസ് കിട്ടുന്നില്ല ; ഭർത്താവ് പച്ചക്കറി വണ്ടിയിൽ ആശുപത്രിയിലെത്തിച്ച ഭാര്യ മരിച്ചു

> **Lead Summary:** ഭോപ്പാൽ: കൃത്യ സമയത്ത് ആംബുലൻസ് സംവിധാനം ലഭിക്കാതെ രോഗികൾ മരിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പതിവ് കാഴ്ചയാകുന്നു. കഴിഞ്ഞ ദിവസം ഭോപ്പാലിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ഒരു സ്ത്രീ മരിച്ചു.

## Article Content

ഭോപ്പാൽ: കൃത്യ സമയത്ത് ആംബുലൻസ് സംവിധാനം ലഭിക്കാതെ രോഗികൾ മരിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പതിവ് കാഴ്ചയാകുന്നു. കഴിഞ്ഞ ദിവസം ഭോപ്പാലിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ഒരു സ്ത്രീ മരിച്ചു.

മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. ശനിയാഴ്ച്ചയാണ് ഉന്തുവണ്ടിയിൽ പച്ചക്കറി വിൽപന നടത്തുന്ന പവൻസാഹുവിൻറെ ഭാര്യയുടെ ആരോഗ്യ നില വഷളാകുന്നത്. അയൽക്കാരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആംബുലൻസ് വിളിച്ചു കൊടുക്കാൻ ആരും തയ്യാറായില്ല. നിരാശനായ പവൻസാഹു ഭാര്യയെ തന്റെ പച്ചക്കറി വണ്ടിയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷേ യാത്രാമധ്യേ ഭാര്യ മരണമടഞ്ഞു.

ഉത്തർപ്രദേശ് സ്വദേശിയായ പവൻസാഹു മധ്യപ്രദേശിൽ സ്ഥിരതാമസമാക്കിയിട്ട് 12 വർഷത്തോളമായി. ഭാര്യ ദീർഘകാലമായി അസുഖബാധിതയായിരുന്നു. കുടുംബത്തിൻറെ ചെറിയ സമ്പാദ്യം മുഴുവനും അദ്ദേഹം ചികിത്സക്കായാണ് ഉപയോഗിച്ചത്. ഭാര്യ നഷ്ടപ്പെട്ടതറിഞ്ഞ പവൻസാഹു റോഡരികിൽ കുഴഞ്ഞു വീണു. പ്രാദേശിക സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ മൃതദേഹം നര്യവാലി നാക ശ്മശാനത്തിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തി.

പണം കൊടുത്ത് വാഹനസൗകര്യംഏർപ്പാടാക്കാനുള്ള സാമ്പത്തിക സ്ഥിതിയും അടിയന്തര ഘട്ടങ്ങളിൽ എന്ത് ചെയ്യണം എന്നതിനെ പറ്റിയുള്ള അറിവും ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇതിനായി ബിജെപി സർക്കാർ ഒരു പരിഗണനയും കൊടുക്കുന്നില്ല എന്നതിന് ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങൾ.

ഇതാദ്യമല്ല മധ്യപ്രദേശിലെ ആംബുലൻസ് ക്ഷാമം വാർത്തയാകുന്നത്, ജൂലൈയിൽ സാധാരണക്കാർക്ക് വേണ്ടി സർക്കാർ നൽകിയ 150 മുക്തി വാഹൻ വാഹനങ്ങൾ ഉപയോഗിക്കാതെ ചതുപ്പിൽ പാർക്ക് ചെയ്ത‌ നിലയിൽ കണ്ടെത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. സെപ്‌തംബറിൽ കൊലപാതകക്കേസിലെ ഇരയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം കൊണ്ടുപോയത് മാലിന്യം ശേഖരിക്കുന്ന ട്രോളി വാഹനത്തിലായിരുന്നു. ഇത് വലിയ ചർച്ചയ്ക്കും വഴി വെച്ചിരുന്നു. ആവശ്യ സമയത്ത് വാഹനം ലഭിക്കാതെ വരുമ്പോൾ മൃതദേഹങ്ങൾ കൈയിൽ കിട്ടിയ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ദാരുണമായ കാഴ്ച‌ സംസ്ഥാനത്തെ പതിവ് കാഴ്ച‌യാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338363/unable-to-get-an-ambulance-wife-dies-after-husband-takes-her-to-hospital-in-vegetable-cart)