---
title: " 'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി"
english_title: "'Oppam' Super Specialty Medical Camp was notable for its public participation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338336/oppam-super-specialty-medical-camp-was-notable-for-its-public-participation"
published_at: "2026-01-26T14:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69772b0634f67_jiikioo.jpg"
keywords: []
---

#  'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി

> **Lead Summary:** കളമശ്ശേരി : മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളമശ്ശേരി മണ്ഡലം 'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

## Article Content

കളമശ്ശേരി : മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളമശ്ശേരി മണ്ഡലം 'ഒപ്പം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

രോഗികളെ വീട്ടിൽനിന്ന് വാഹനത്തിൽ ക്യാമ്പിലെത്തിച്ച് പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം തിരിച്ചെത്തിക്കുകയായിരുന്നു. കളമശ്ശേരി സമ്ര കൺവെൻഷൻ സെൻ്ററിൽ നടന്ന ക്യാമ്പിൽ ആയിരത്തോളം പേർ ചികിത്സ തേടി.കളമശ്ശേരി മണ്ഡലത്തിൽ തുടർച്ചയായ അഞ്ചാം തവണ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷനായി.

ഹൃദയശസ്ത്രക്രിയ വിദഗ്‌ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ഏലൂർ നഗരസഭാ ചെയർപേഴ്‌സൺ ലൈജി സജീവൻ, എറണാകുളം ഗവ. മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്‌പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ലിസി ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ, ഡോ. വി. വിജയകുമാർ, കെ.വി. പീറ്റർ, സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

സ്‌തനാർബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര-ദന്ത, കേൾവി പരിശോധന എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇസിജി, എക്കോ, ടിഎംടി, മാമ്മോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളും സൗജന്യമായി നൽകി. ഡെന്റൽ കോളേജുകളുടെ മൊബൈൽ ചികിത്സാ ബസുകളും ക്യാമ്പിൽ ഉണ്ടായിരുന്നു.

സർക്കാർ, സ്വകാര്യ മേഖലകളിലെ 35 ആശുപത്രികൾ എന്നിവ ക്യാമ്പിൽ പങ്കെടുത്തു. അർഹതപ്പെട്ടവർക്ക് സൗജന്യമായി ശസ്ത്രക്രിയാ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് തിമിരശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും. മരുന്നും രോഗികൾക്ക് ആവശ്യമായ വിദഗ്‌ധ പരിശോധനകളും ശസ്ത്രക്രിയയും സൗജന്യമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338336/oppam-super-specialty-medical-camp-was-notable-for-its-public-participation)