---
title: "വൻ ലഹരിവേട്ട ; യുവതിയടക്കം അഞ്ചു പേർ പിടിയിൽ"
english_title: "Massive drug bust; Five people including a young woman arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/338276/massive-drug-bust-five-people-including-a-young-woman-arrested"
published_at: "2026-01-26T10:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976fc5183f8f_Untitled-1.jpg"
keywords: []
---

# വൻ ലഹരിവേട്ട ; യുവതിയടക്കം അഞ്ചു പേർ പിടിയിൽ

> **Lead Summary:** കൊച്ചി : രാസലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

## Article Content

കൊച്ചി : രാസലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.

കോഴിക്കോട് കുന്നമംഗലം പെരിങ്ങോലം കാടമ്പാരി അർജുൻ വി നാഥ് (-32) ചേരാനല്ലൂർ, വാഴക്കാല മൂലപാടം എന്നിവിടങ്ങളിലെ ലോഡ്‌ജുകളിൽ സൂക്ഷിച്ച 716 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. ഡൽഹിയിൽനിന്ന് രാസലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം വട്ടേക്കുന്നം ചമ്മാലിപ്പറമ്പ് അനസ് (34), കോട്ടയം ഈരാറ്റുപേട്ട പാടിപുരയ്ക്കൽ ഫെബിന (27) എന്നിവരെ 2.20 ഗ്രാം എംഡിഎംഎ, 0.84 ഗ്രാം കഞ്ചാവ് എന്നിവയുമായി കളമശേരിയിലെ ഹോട്ടൽമുറിയിൽനിന്ന് പിടികൂടി. ഇവർക്ക് രാസലഹരിയെത്തിച്ചുനൽകിയ കണ്ണൂർ പാപ്പിനിശേരി ചുങ്കം ജാസിഫ് (33), പശ്ചിമബംഗാൾ മുർഷിദാബാദ് ഗോകുൽപുർ മസൂദുൽ ബിശ്വാസ് (27) എന്നിവർ കളമശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപത്തുനിന്നാണ് പിടിയിലായത്.

ഇവരുടെ കൈയിൽനിന്ന് 3.89 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ എ അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ, കളമശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/338276/massive-drug-bust-five-people-including-a-young-woman-arrested)