---
title: "സ്ഥാപന നടത്തിപ്പുകാരിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു ; ജ്വല്ലറിയിൽ കവർച്ച , രണ്ട് പേർ പിടിയിൽ"
english_title: "Business owner pepper sprayed in face; two arrested in jewelry store robbery."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337819/business-owner-pepper-sprayed-in-face-two-arrested-in-jewelry-store-robbery"
published_at: "2026-01-23T11:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697315d4b68b4_ji.jpg"
keywords: []
---

# സ്ഥാപന നടത്തിപ്പുകാരിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു ; ജ്വല്ലറിയിൽ കവർച്ച , രണ്ട് പേർ പിടിയിൽ

> **Lead Summary:** കളമശേരി : സ്ഥാപന നടത്തിപ്പുകാരിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് നഗരത്തിലെ ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരുന്ന മാലകളുമായി കടന്ന യുവാക്കളെ പിടികൂടി. ഇടപ്പള്ളി ടോളിലെ സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ തിങ്കൾ പകൽ ഒന്നോടെയാണ് കവർച്ചശ്രമം നടന്നത്.

## Article Content

കളമശേരി : സ്ഥാപന നടത്തിപ്പുകാരിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് നഗരത്തിലെ ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരുന്ന മാലകളുമായി കടന്ന യുവാക്കളെ പിടികൂടി. ഇടപ്പള്ളി ടോളിലെ സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ തിങ്കൾ പകൽ ഒന്നോടെയാണ് കവർച്ചശ്രമം നടന്നത്.

യുവതിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ദേശീയപാതയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടുകിടന്ന കവർച്ചക്കാരെ കൈയോടെ പിടികൂടുകയായിരുന്നു.

മോഷ്ടിച്ചതാകട്ടെ കടയിൽ പ്രദർശനത്തിനുവച്ച 8000 രൂപ മാത്രം വിലവരുന്ന മാലകളും. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂ‌ട്ടറിലാണ് ഇവർ എത്തിയതെന്ന് കണ്ടെത്തി.

ഇതുസംബന്ധിച്ച് പുത്തൻകുരിശ് സ്റ്റേഷനിൽ കേസുണ്ട്. പ്രതികളായ, ഇടപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം എടക്കര ആനമഠത്തിൽ തോമസ് (30), സഹോദരൻ മാത്യു (27) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. മയക്കുമരുന്ന്, മാലപൊട്ടിക്കൽ കേസുകളിലും ഇരുവരും പ്രതികളാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337819/business-owner-pepper-sprayed-in-face-two-arrested-in-jewelry-store-robbery)