---
title: " സമീപമുള്ള വീട്ടിലേക്ക് ഒറ്റയ്‌ക്ക് നടന്നുപോകവെ വഴിയാത്രക്കാരിയുടെ എട്ടുപവൻ മാല  സ്കൂട്ടറിലെത്തിയ രണ്ടുപേർ കവർന്നു"
english_title: "Two men on a scooter stole a passerby's eight-pawan necklace while she was walking alone to a nearby house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/337254/two-men-on-a-scooter-stole-a-passerbys-eight-pawan-necklace-while-she-was-walking-alone-to-a-nearby-house"
published_at: "2026-01-20T11:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f1cbeb056f_hujh.jpg"
keywords: []
---

#  സമീപമുള്ള വീട്ടിലേക്ക് ഒറ്റയ്‌ക്ക് നടന്നുപോകവെ വഴിയാത്രക്കാരിയുടെ എട്ടുപവൻ മാല  സ്കൂട്ടറിലെത്തിയ രണ്ടുപേർ കവർന്നു

> **Lead Summary:** പറവൂർ : സ്കൂട്ടറിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയുടെ എട്ടുപവൻ മാല കവർന്നു. പെരുവാരം കാടാശേരി ഉഷയുടെ മാലയാണ് നഷ്ടമായത്.

## Article Content

പറവൂർ : സ്കൂട്ടറിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയുടെ എട്ടുപവൻ മാല കവർന്നു. പെരുവാരം കാടാശേരി ഉഷയുടെ മാലയാണ് നഷ്ടമായത്.

തിങ്കൾ വൈകിട്ട് നാലിന് നഗരസഭ 21–-ാം വാർഡിൽ പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിലാണ് സംഭവം. ദേശീയപാതയിൽ പെരുവാരം–പൂശാരിപ്പടി റോഡിലൂടെ അങ്കണവാടിക്ക് സമീപമുള്ള വീട്ടിലേക്ക് ഒറ്റയ്‌ക്ക് നടന്നുപോകുമ്പോഴാണ്‌ മാല തട്ടിയെടുത്തത്‌.

ഉഷയുടെ പിന്നാലെ സ്കൂട്ടറിൽ വന്നവരിൽ ഒരാൾ സ്കൂട്ടറിൽനിന്ന് ഇറങ്ങുകയും മറ്റെയാൾ സ്കൂട്ടർ ഓടിച്ച് അൽപ്പം മാറിനിൽക്കുകയും ചെയ്തു. റോഡിൽ ഇറങ്ങിയയാൾ ബലമായി മാല പൊട്ടിച്ചെടുത്തു. തടസ്സപ്പെടുത്താൻ ശ്രമിച്ച ഉഷ റോഡിൽവീണു. ഈ സമയം കൂട്ടുപ്രതി സ്കൂട്ടറുമായെത്തി ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഉഷയുടെ കരച്ചിൽ കേട്ട്‌ സമീപവാസി എത്തിയെങ്കിലും പ്രതികൾ കടന്നുകളഞ്ഞു. കൈയ്ക്ക്‌ പരിക്കേറ്റ ഉഷ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് പരിശോധന നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/337254/two-men-on-a-scooter-stole-a-passerbys-eight-pawan-necklace-while-she-was-walking-alone-to-a-nearby-house)