---
title: "പൊതുകാനകളിലേക്ക് മാലിന്യം ഒഴുക്കുന്നതിന് അനധികൃതമായി പൈപ്പുകൾ സ്ഥാപിച്ചു ; രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി  "
english_title: "Action taken against two institutions for illegally installing pipes to discharge waste into public drains"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336608/action-taken-against-two-institutions-for-illegally-installing-pipes-to-discharge-waste-into-public-drains"
published_at: "2026-01-16T11:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969cef7a2eda_dd.jpg"
keywords: []
---

# പൊതുകാനകളിലേക്ക് മാലിന്യം ഒഴുക്കുന്നതിന് അനധികൃതമായി പൈപ്പുകൾ സ്ഥാപിച്ചു ; രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി  

> **Lead Summary:** പറവൂർ : പൊതുകാനകളിലേക്ക് മാലിന്യം ഒഴുക്കുന്നതിന് അനധികൃതമായി സ്ഥാപിച്ച പൈപ്പുകൾ നീക്കം ചെയ്യാന്‍ നഗരസഭ നടപടികൾ തുടങ്ങി.

## Article Content

പറവൂർ : പൊതുകാനകളിലേക്ക് മാലിന്യം ഒഴുക്കുന്നതിന് അനധികൃതമായി സ്ഥാപിച്ച പൈപ്പുകൾ നീക്കം ചെയ്യാന്‍ നഗരസഭ നടപടികൾ തുടങ്ങി.

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ കവലമുതൽ ചേന്ദമംഗലം കവലവരെയുള്ള പ്രധാന കാനകളിലാണ് പരിശോധന നടത്തിയത്. നമ്പൂരിയച്ചൻ ആലിനുസമീപമുള്ള കെ ആർ ബേക്കേഴ്സ്, സമീപത്തുള്ള ലേഡീസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ മാലിന്യം പൊതുകാനയിലേക്ക് പൈപ്പ് വഴി ഒഴുക്കുന്നതായി കണ്ടെത്തി. നഗരസഭാ നിയമങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ 50,000 രൂപവീതം പിഴ ചുമത്തി നോട്ടീസ് നൽകി.

അനധികൃത പൈപ്പുകൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ സ്ഥാപനങ്ങളുടെ വ്യാപാര ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിലെ ശുചിത്വം സംരക്ഷിക്കുന്നതിന്റെയും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336608/action-taken-against-two-institutions-for-illegally-installing-pipes-to-discharge-waste-into-public-drains)