---
title: "വീടിന് തീവെച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി ; വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി"
english_title: "Complaint of attempted murder by setting house on fire; no one was home, so no one was hurt."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/336261/complaint-of-attempted-murder-by-setting-house-on-fire-no-one-was-home-so-no-one-was-hurt"
published_at: "2026-01-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69672fdb9c250_fire.jpg"
keywords: []
---

# വീടിന് തീവെച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി ; വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി

> **Lead Summary:** കോഴഞ്ചേരി : വീടിന് തീവെച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി.

## Article Content

കോഴഞ്ചേരി : വീടിന് തീവെച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി.

പത്തനംതിട്ട കിടങ്ങന്നൂർ കക്കുളഞ്ഞിയിൽ ശാമുവൽ അലക്‌സാണ്ടറുടെ വീട്ടിൽ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഡി രാജമണിയെ വീടിന് തീവെച്ചത് കൊല്ലാൻ ശ്രമിച്ചതായി രാജാമണി ജില്ലാ പൊലീസ് മേധാവിക്കും ആറന്മുള പോലീസിലും നൽകിയ പരാതിയിൽ പറയുന്നു.

സംഭവ സമയം രാജാമണി വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. തിങ്കൾ വൈകിട്ടാണ് സംഭവം. തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന രാജാമണി 4.45 ഓടെ അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് വിവരം അറിയുന്നത്.

തുടർന്ന് പൊലീസിലും അഗ്നി രക്ഷാസേനയിലും വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ വസ്ത്രങ്ങളടക്കം എല്ലാ സാധന സാമഗ്രികളും കത്തി നശിച്ചതായി രാജാമണി നൽകിയ പരാതിയിൽ പറയുന്നു.

2014 മുതൽ രാജാമണിയും ഭാര്യയും ശാമുവൽ അലക്സാണ്ടറുടെ വീട്ടിൽ താമസിച്ചു സാമുവേൽ അലക്സാണ്ടർക്ക് വേണ്ടി റബർ ടാപ്പിങ്ങും വീട്ടിലെ മറ്റു ജോലികളും ചെയ്‌തുവരുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. റബർ ടാപ്പിങ് നടത്താൻ പ്രത്യേക തുകയും വീട്ടിലെ മറ്റ് ജോലികൾക്കായി പ്രതിമാസം 13,500 രൂപ ശമ്പളവും നിശ്ചയിച്ചിരുന്നു.

എന്നാൽ ആദ്യ മാസം മാത്രമാണ് ശമ്പളം നൽകിയത്. ശമ്പള കുടിശിക നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ജോലി അവസാനിച്ചു നാട്ടിൽ പോകുമ്പോൾ കുടിശിക തീർക്കാമെന്നാണ് വീട്ടുടമ അറിയിച്ചത്.

എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ കുടിശിക തീർക്കാതെ രാജാമണിയേയും ഭാര്യയെയും വീട്ടിൽ നിന്നും ഇറക്കിവിടാൻ വീട്ടുടമ ശ്രമിച്ചതായും ഗുണ്ടകളെ ഉപയോഗിച്ച് തന്നെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തൻ്റെ വസ്‌തുവിൽ കയറുന്നത് വിലക്കി ഉത്തരവ് ലഭിക്കുന്നതിനായി വീട്ടുടമ പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഇടക്കാല ഹർജി നൽകിയിരുന്നെങ്കിലും രാജാമണിയുടെ താമസം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.

എതിർകക്ഷിക്കെതിരെ നിലനില്ക്കുന്ന കോടതി ഉത്തരവിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി വീടിന് തീവെച്ചത് വീട്ടുടമസ്ഥനോ അയാളുടെ കൂട്ടാളികളോ ആണെന്നാണ് രാജാമണി പരാതിയിൽ പറയുന്നത്. ഡിസംബർ 30 ന് എഴിക്കാട്ടുള്ള റബർ തോട്ടത്തിൽ വെച്ച് രാജമണിയെ ഒരു സംഘം ആക്രമിച്ചിരുന്നു. ശരീരമാസകലം പരിക്കേറ്റ ഇയാൾ ഒൻപതു ദിവസത്തോളം ആശുപത്രിയിൽ കിടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/336261/complaint-of-attempted-murder-by-setting-house-on-fire-no-one-was-home-so-no-one-was-hurt)