---
title: "ആറ്റുതീരം പാർക്കിൻ്റെ പുഴയോരത്ത് അജ്‌ഞാത ബാഗും സ്വർണ്ണ വളകളും ; ആരുടേതെന്നറിയാതെ പിറവം പോലീസ് വട്ടം ചുറ്റിയത് രണ്ടര മണിക്കൂർ"
english_title: "Unknown bag and gold bangles found on the riverbank of Attutheeram Park; Piravom police circled around for two and a half hours, not knowing who it belonged to"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335959/unknown-bag-and-gold-bangles-found-on-the-riverbank-of-attutheeram-park-piravom-police-circled-around-for-two-and-a-half-hours-not-knowing-who-it-belonged-to"
published_at: "2026-01-12T13:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964b249b0a68_1000456151.jpg"
keywords: []
---

# ആറ്റുതീരം പാർക്കിൻ്റെ പുഴയോരത്ത് അജ്‌ഞാത ബാഗും സ്വർണ്ണ വളകളും ; ആരുടേതെന്നറിയാതെ പിറവം പോലീസ് വട്ടം ചുറ്റിയത് രണ്ടര മണിക്കൂർ

> **Lead Summary:** പിറവം : ആറ്റുതീരം പാർക്കിൻ്റെ പുഴയോരത്ത് അജ്‌ഞാത ബാഗും അതിനകത്തെ സ്വർണ്ണ വളകളും കണ്ടെത്തി. ആരുടേതെന്നറിയാതെ പിറവം പോലീസ് വട്ടം ചുറ്റിയത് രണ്ടര മണിക്കൂർ .

## Article Content

പിറവം : ആറ്റുതീരം പാർക്കിൻ്റെ പുഴയോരത്ത് അജ്‌ഞാത ബാഗും അതിനകത്തെ സ്വർണ്ണ വളകളും കണ്ടെത്തി. ആരുടേതെന്നറിയാതെ പിറവം പോലീസ് വട്ടം ചുറ്റിയത് രണ്ടര മണിക്കൂർ .

ശേഷം 12 കിലോമീറ്റർ ദൂരത്തിലുള്ള  മുളന്തുരുത്തി തിരുത്തിക്കരയിൽ താമസിക്കുന്ന കുടുംബത്തെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ച് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ തിരികെ ഏൽപ്പിച്ചു.

അങ്കണവടി അധ്യാപിക സി.കെ.സുധയാണ് ഇതിന് നിമിത്തമായത് .

സംഭവം നടക്കുന്നത്  വ്യാഴം വൈകിട്ട് ആറ് മണിയോടെയാണ്. ആറ്റുതീരം പാർക്കിന് സമീപം താമസിക്കുന്ന അങ്കണവടി അധ്യാപിക കോട്ടപ്പുറം പള്ളിമലയിൽ സി.കെ.സുധ നടക്കാനിറങ്ങിയതായിരുന്നു.ഏഴ് മണിയോടെ അധ്യാപിക വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ആണ്  പാർക്കിന് സമീപം ഒരു ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.അപ്പോഴേക്കുംആളുകൾ എല്ലാം പോയിരുന്നു.

ബാഗിനുള്ളിൽ നിന്നും ഉടമസ്‌ഥനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കും എന്ന് കരുതി തുറന്ന് നോക്കിയെങ്കിലും യാതൊരു രേഖയും ലഭിച്ചില്ല. രണ്ട് സ്വർണ്ണ വളകളും കുട്ടികളുടെ ഉടുപ്പുകളും ബാഗിൽ നിന്നും കിട്ടി. ഉടൻതന്നെ പിറവം പോലീസിൽ വിവരം അറിയിച്ചു. ബാഗിനുള്ളിൽ പോലീസ് വിശദമായി പരിശോധിച്ചതിൽ നിന്നും ചോറ്റാനിക്കരയുള്ള ആശുപത്രിയുടെ ഒപി ചീട്ട് ലഭിച്ചു.

ബാഗ് മറന്ന് വെച്ചതാണോ അതോ ഉടമസ്ഥൻ പുഴയിൽ വീണ് അപകടം സംഭവിച്ചതാണോ എന്നറിയാതെ പോലീസ് ആശയകുഴപ്പത്തിലായി.ചോറ്റാനിക്കര പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ നിന്നും ചീട്ടിൻ ഉടമസ്‌ഥന്റെ അഡ്രസ്സും ഫോൺ നംബറും കണ്ടെത്തി. ഫോണിൽ വിളിച്ചിട്ടും ആരും എടുക്കാതെ വന്നതോടെ അഡ്രസിൽ പറയുന്ന മുളന്തുരുത്തി തുരുത്തിക്കരയിൽ ഉള്ള വീട്ടിലേക്ക് പോലീസ് പോയി.

പൊലീസ് എത്തി വിവരം അറിയിച്ചതോടെയാണ് ബാഗ് നഷ്‌ടപ്പെട്ട കാര്യം വീട്ടുകാർ അറിയുന്നത്. തുരുത്തിക്കര എളംകുളത്തിൽ അമലും കുടുംബവും വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിയോടെ പിറവം ആറ്റുതീരം പാർക്കിൽ എത്തിയിരുന്നു. രണ്ട് വയസുള്ള മകൾ ഒലിവിനെ വെള്ളത്തിൽ ഇറക്കി കുളിപ്പിച്ചപ്പോൾ കുട്ടിയുടെ അമ്മ ബ്രിൻഡ മകളുടെ രണ്ട് വളകളും ഊരി അമലിന്റെ അമ്മ വത്സമ്മയുടെ കയ്യിൽ കൊടുത്തു.ബാഗിനുള്ളിൽ വളകൾ സൂക്ഷിച്ച ശേഷം കാറിനുള്ളിൽ എടുത്തു വെക്കാതെ പുഴയരികിൽ വെച്ചു.

ശേഷം കുടുംബം തുരുത്തിക്കരയിലുള്ള വീട്ടിലേക്ക് മടങ്ങി.മൊബൈൽ ഫോൺ കാറിനകത്തായിരുന്നു. പോലീസ് ഈ സമയത്താണ് വിളിച്ചത്.ബാഗ് കാറിനകത്ത് ഉണ്ടാകുമെന്ന് ബ്രിൻഡയും കരുതി.അമലും ഭാര്യ ബ്രിൻഡയും കൂടി പിറവം പോലീസ് സ്‌റ്റേഷനിൽ എത്തി. 

പോലീസിന്റെ സാന്നിധ്യത്തിൽ ഒന്നര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകളും ബാഗും സുധ അവർക്ക് കൈമാറി..എസ്.ഐ മാരായ എൻ.പി ബിജു, ഷാജിമോൻ, സത്യപ്രസാദ്, എ.എസ്. ഐ സതീഷ്,സി.പി.ഓ രൂപേഷ്, അഭിലാഷ് മണി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335959/unknown-bag-and-gold-bangles-found-on-the-riverbank-of-attutheeram-park-piravom-police-circled-around-for-two-and-a-half-hours-not-knowing-who-it-belonged-to)