---
title: "കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈയില്‍ ആണി തുളഞ്ഞുകയറി ; രക്ഷകരായി അഗ്നിരക്ഷാസേന​ "
english_title: "A nail pierced the hand of a student who fell while playing; Firefighters rescued him"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335274/a-nail-pierced-the-hand-of-a-student-who-fell-while-playing-firefighters-rescued-him"
published_at: "2026-01-08T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f4058601ac_cghy.jpg"
keywords: []
---

# കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈയില്‍ ആണി തുളഞ്ഞുകയറി ; രക്ഷകരായി അഗ്നിരക്ഷാസേന​ 

> **Lead Summary:** കാഞ്ഞങ്ങാട് : സ്‌കൂള്‍ മൈതാനത്ത്‌ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈയില്‍ പലകയിലെ ആണി തുളഞ്ഞുകയറി. ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി വിഘ്‌നേഷിന്റെ വലതു കൈപ്പത്തിയിലാണ് ആണി തുളച്ചുകയറിയത്.

## Article Content

കാഞ്ഞങ്ങാട് : സ്‌കൂള്‍ മൈതാനത്ത്‌ കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈയില്‍ പലകയിലെ ആണി തുളഞ്ഞുകയറി. ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി വിഘ്‌നേഷിന്റെ വലതു കൈപ്പത്തിയിലാണ് ആണി തുളച്ചുകയറിയത്.

ഉടന്‍ കുട്ടിയെ പലക സഹിതം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആണി നീക്കാനായില്ല. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിരക്ഷാസേനയെത്തി പലകയും ആണിയും കുട്ടിയുടെ കൈയില്‍ നിന്ന് വേര്‍പെടുത്തി.

കഴിഞ്ഞ ദിവസം ഉച്ചയോടെ സ്കൂള്‍ മൈതാനത്ത്‌ കളിക്കുന്നതിനിടെ കുട്ടി ഓടുമ്പോഴാണ്‌ കാല്‍ വഴുതി ആണി തറച്ച പലകക്ക് മുകളില്‍ വീണത്‌. ആണി കൈയില്‍ തുളഞ്ഞുകയറിയതോടെ കുട്ടി വേദന കൊണ്ട് നിലവിളിച്ചു. ആണി ഊരിയെടുക്കാനുള്ള ശ്രമം സ്‌കൂള്‍ അധികൃതര്‍ നടത്തിയെങ്കിലും കഴിഞ്ഞില്ല. 

തുടര്‍ന്നാണ്‌ ജില്ലാ ആശുപത്രിയിലെത്തിച്ചത്‌. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ കെ വി പ്രകാശന്‍ , റെസ്‌ക്യു ഓഫീസര്‍ ലിനേഷ്, മറ്റ് ഉദ്യോഗസ്ഥരായ അജിത്, മിഥുന്‍ മോഹന്‍, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ആണി നീക്കിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335274/a-nail-pierced-the-hand-of-a-student-who-fell-while-playing-firefighters-rescued-him)