---
title: " ഓൺലൈൻ വിദേശ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് 40 ലക്ഷം  തട്ടി ; യുവാവ്‌ പിടിയിൽ"
english_title: "Youth arrested for cheating 40 lakhs by promising profit in online foreign currency transaction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335098/youth-arrested-for-cheating-40-lakhs-by-promising-profit-in-online-foreign-currency-transaction"
published_at: "2026-01-07T11:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695df51042f64_vgyhyh.jpg"
keywords: []
---

#  ഓൺലൈൻ വിദേശ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് 40 ലക്ഷം  തട്ടി ; യുവാവ്‌ പിടിയിൽ

> **Lead Summary:** ആലുവ : ഓൺലൈൻ വിദേശ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു.

## Article Content

ആലുവ : ഓൺലൈൻ വിദേശ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു.

കാസർകോട്‌ ഇരിയാൻ പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാനെ (25)യാണ് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ആൻസോ ക്യാപിറ്റൽ എന്ന കമ്പനിയുടെ ആളാണെന്ന് പറഞ്ഞ്‌ കോടനാട് ചേരാനല്ലൂർ സ്വദേശിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട്‌ 41,21,514 രൂപയാണ് കൈക്കലാക്കിയത്.

2024 ഒക്ടോബർമുതൽ ഡിസംബർവരെയുള്ള വിവിധ ദിവസങ്ങളിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽനിന്ന്‌ പണം അയപ്പിക്കുകയായിരുന്നു. പത്ത് ഇടപാടുകളിലൂടെയാണ് മുഴുവൻ പണവും കൈക്കലാക്കിയത്. തുടർന്ന് 1,11,552 രൂപ പരാതിക്കാരന് തിരികെ നൽകിയെങ്കിലും ബാക്കി 40,09,962 രൂപ കൊടുത്തില്ല.

അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷകസംഘം മുഹമ്മദ് ഹബീബ് റഹ്മാനെ പിടികൂടിയത്‌. അന്വേഷകസംഘത്തിൽ ഇൻസ്പെക്ടർ വി ആർ ജഗദീഷ്, എസ്ഐമാരായ സി കെ രാജേഷ്, ടി കെ വർഗീസ്,എഎസ്ഐ ടി കെ സലാവുദ്ദീൻ, എസ്‌സിപിഒ പി കെ ദിനേശൻ, സിപിഒമാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335098/youth-arrested-for-cheating-40-lakhs-by-promising-profit-in-online-foreign-currency-transaction)