---
title: "എല്ലാം കൈവിട്ടുപോയി ; മോഷ്ടിക്കാനെത്തിയ കള്ളൻ എക്സോസ്റ്റ് ഫാനിന്റെ ഹോളിൽ കുടുങ്ങി "
english_title: "Everything is lost; Thief who tried to steal gets stuck in the hole of the exhaust fan."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/335043/everything-is-lost-thief-who-tried-to-steal-gets-stuck-in-the-hole-of-the-exhaust-fan"
published_at: "2026-01-06T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d1fb71aa58_1000451030.png"
keywords: []
---

# എല്ലാം കൈവിട്ടുപോയി ; മോഷ്ടിക്കാനെത്തിയ കള്ളൻ എക്സോസ്റ്റ് ഫാനിന്റെ ഹോളിൽ കുടുങ്ങി 

> **Lead Summary:** കോട്ട : മോഷ്ടിക്കാനെത്തി എല്ലാം കൈവിട്ടുപോയി പിടിയിലായ ഒരു കള്ളനെ കുറിച്ചാണ് ഇപ്പോൾ രാജസ്ഥാനിലെ കോട്ടയിൽ ചർച്ച.

## Article Content

കോട്ട : മോഷ്ടിക്കാനെത്തി എല്ലാം കൈവിട്ടുപോയി പിടിയിലായ ഒരു കള്ളനെ കുറിച്ചാണ് ഇപ്പോൾ രാജസ്ഥാനിലെ കോട്ടയിൽ ചർച്ച.

വീടിന്റെ എക്സോസ്റ്റ് ഫാൻ വെക്കാനായി ഇട്ടിരുന്ന ചെറിയ ദ്വാരത്തിലൂടെ അകത്തുകടക്കാൻ ശ്രമിച്ച കള്ളൻ പാതിവഴിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. കോട്ടയിലെ പ്രതാപ് നഗർ നിവാസിയായ സുഭാഷ് കുമാർ റാവത്തിന്റെ വീട്ടിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞ ഞായറാഴ്‌ച രാത്രി സുഭാഷ് കുമാർ റാവത്തും ഭാര്യയും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിചിത്രമായ ആ കാഴ്ച‌ കണ്ടത്. തങ്ങളുടെ വീടിന്റെ എക്സോസ്റ്റ് ഫാൻ ഇരുന്ന ദ്വാരത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു! നിലത്തുനിന്ന് ഏകദേശം പത്തടി ഉയരത്തിലുള്ള ഈ ദ്വാരത്തിൽ കള്ളൻ്റെ തലയും കൈകളും വീടിനുള്ളിലും ബാക്കി ഭാഗം പുറത്തു തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു.

റാവത്തും ഭാര്യയും ബഹളം വെച്ചതോടെ പരിഭ്രാന്തനായ കള്ളൻ രക്ഷപ്പെടാൻ കഴിയാതെ അവിടെത്തന്നെ കിടന്നു. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ദമ്പതികളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. തൻ്റെ കൂട്ടാളികൾ പുറത്തുണ്ടെന്നും അവനെ വിട്ടില്ലെങ്കിൽ ദമ്പതികളെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ദമ്പതികൾ ഉടൻ തന്നെ ബോർഖേഡ പോലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തിയപ്പോൾ കണ്ടത് കമ്പിയിൽ തൂങ്ങിക്കിടന്ന് കരയുന്ന കള്ളനെയാണ്. ഒടുവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പുറത്തുനിന്നും രണ്ട് പേർ അകത്തുനിന്നും ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. പുറത്തെടുക്കുന്നതിനിടെ വേദന കൊണ്ട് കള്ളൻ നിലവിളിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/335043/everything-is-lost-thief-who-tried-to-steal-gets-stuck-in-the-hole-of-the-exhaust-fan)