---
title: "തിരുവൈരാണിക്കുളം  മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം  ജനുവരി 2 മുതൽ 13 വരെ   "
english_title: "The opening ceremony of the Thiruvairanikulam Mahadeva Temple will be held from January 2nd to 13th."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333803/the-opening-ceremony-of-the-thiruvairanikulam-mahadeva-temple-will-be-held-from-january-2nd-to-13th"
published_at: "2025-12-30T11:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69536d727ddc1_gyy.jpg"
keywords: []
---

# തിരുവൈരാണിക്കുളം  മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം  ജനുവരി 2 മുതൽ 13 വരെ   

> **Lead Summary:** കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ ആഘോഷിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

## Article Content

കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ ആഘോഷിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

തിരുവാഭരണ ഘോഷയാത്ര രണ്ടിന് വൈകിട്ട് 430ന് അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കും. അലങ്കരിച്ച തേരിൽ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ രാത്രി എട്ടിന് നടതുറക്കും. തുടർദിവസങ്ങളിൽ പുലർച്ചെ നാലുമുതൽ രാത്രി ഒന്പതുവരെ ദർശനം നടത്താം.

ഇതിനായി 50,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലും വഴിപാട്‌ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. www. thiruvairanikkulam temple.org എന്ന വെബ്സൈറ്റിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. ബുക്ക് ചെയ്‌തവർ ബാർകോഡ് അടങ്ങിയ ബുക്കിങ്‌ രസീത് ദേവസ്വം പാർക്കിങ്‌ ഗ്രൗണ്ടിലെ വെരിഫിക്കേഷൻ കൗണ്ടറിൽ നൽകി ദർശന പാസ് കൈപ്പറ്റണം.

ഉത്സവദിവസങ്ങളിൽ രാവിലെ ഒന്പതുമുതൽ മൂന്നുവരെ അന്നദാനം ഉണ്ടാകും. കെഎസ്ആർടിസി ബസുകൾ ദീർഘദൂര സർവീസ് നടത്തും. ആരോഗ്യവിഭാഗവും സജ്ജമാണ്‌. ശുദ്ധജലം, വാഹന പാർക്കിങ്‌ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചായിരിക്കും ഉത്സവം.ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ്‌ എ മോഹൻകുമാർ,വൈസ് പ്രസിഡന്റ്‌ പി കെ നന്ദകുമാർ, സെക്രട്ടറി എ എൻ മോഹനൻ, മാനേജർ എം കെ കലാധരൻ, പബ്ലിസിറ്റി കൺവീനർ എം എസ് അശോകൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333803/the-opening-ceremony-of-the-thiruvairanikulam-mahadeva-temple-will-be-held-from-january-2nd-to-13th)