---
title: "മോഷണം തുടർക്കഥ ; വീട് കുത്തിതുറന്ന് കവർച്ച , മുഖംമൂടി ധരിച്ച രണ്ട് മോഷ്ടാക്കളുടെ ദൃശ്യം സിസിടിവി കാമറയിൽ "
english_title: "Theft continues; CCTV camera captures two masked thieves breaking into a house and robbing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333602/theft-continues-cctv-camera-captures-two-masked-thieves-breaking-into-a-house-and-robbing"
published_at: "2025-12-29T11:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6952168daf653_bjh.jpg"
keywords: []
---

# മോഷണം തുടർക്കഥ ; വീട് കുത്തിതുറന്ന് കവർച്ച , മുഖംമൂടി ധരിച്ച രണ്ട് മോഷ്ടാക്കളുടെ ദൃശ്യം സിസിടിവി കാമറയിൽ 

> **Lead Summary:** നെടുമ്പാശേരി : ചെങ്ങമനാട് കാരയ്ക്കാട്ടുകുന്ന്, മേയ്ക്കാട് പ്രദേശങ്ങളിൽ അടഞ്ഞുകിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം.

## Article Content

നെടുമ്പാശേരി : ചെങ്ങമനാട് കാരയ്ക്കാട്ടുകുന്ന്, മേയ്ക്കാട് പ്രദേശങ്ങളിൽ അടഞ്ഞുകിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം.

യുകെയിൽ കുടുംബസമേതം രണ്ടുവർഷമായി താമസിക്കുന്ന കാരയ്ക്കാട്ടുകുന്നിൽ മേയ്ക്കാട്ടുകുളം ആന്റുവിന്റെ വീട്ടിൽ ശനി രാത്രി മോഷണം നടന്നു. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ രണ്ട് നിലകളിലേയും മുറികളിൽ കയറി ഇരുമ്പ് അലമാരയടക്കം കുത്തിത്തുറന്ന് രേഖകളടക്കം വലിച്ചിട്ടനിലയിലായിരുന്നു. വീടിനുമുന്നിലെ രണ്ട് സിസിടിവി കാമറകളിൽ മുഖംമൂടി ധരിച്ച രണ്ട് മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

ഒരാൾ വീടിന്റെ ഗേറ്റിൽ നിൽക്കുന്നതായും കാണാം. കാർപോർച്ചിലെ സിസിടിവി കാമറ തകർത്തിട്ടുണ്ട്. സമീപത്തുള്ള ആന്റുവിന്റെ ബന്ധു ഞായർ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിലപ്പെട്ട വസ്തുക്കൾ മോഷണം പോയിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി.

വിദേശത്തുള്ള മേക്കാട് അരീക്കൽ വർഗീസിന്റെ വീട്ടിലും വെള്ളിയാഴ്‌ച രാത്രിയിൽ മോഷണശ്രമം നടന്നു. ഇവിടത്തെ സിസിടിവി കാമറയിൽക്കണ്ട മോഷ്ടാക്കൾതന്നെയാണ് ആന്റുവിന്റെ വീടും കുത്തിത്തുറന്നതെന്ന് സൂചനയുണ്ട്. ഒരാഴ്ചമുന്പ്‌ കാരക്കാട്ടുകുന്ന്‌ മൂന്നുവർഷമായി അടഞ്ഞുകിടക്കുന്ന, ഗോപിനാഥ് എന്നയാളുടെ വീട്ടിലും മോഷണശ്രമം നടന്നു. വീടിനകത്തെ പല സാധനങ്ങളും കുത്തിപ്പൊളിച്ചനിലയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333602/theft-continues-cctv-camera-captures-two-masked-thieves-breaking-into-a-house-and-robbing)