---
title: "3 വീടുകളിൽ മോഷണം ;  പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Burglary in 3 houses; Police begin investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333306/burglary-in-3-houses-police-begin-investigation"
published_at: "2025-12-27T11:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694f6f46e14b0_ssh.jpg"
keywords: []
---

# 3 വീടുകളിൽ മോഷണം ;  പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** പറവൂർ : ചേന്ദമംഗലം പഞ്ചായത്തിൽ വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം. ബുധൻ രാത്രിയാണ് മൂന്ന് വീടുകളിൽ മോഷ്ടാക്കളെത്തിയത്.

## Article Content

പറവൂർ : ചേന്ദമംഗലം പഞ്ചായത്തിൽ വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം. ബുധൻ രാത്രിയാണ് മൂന്ന് വീടുകളിൽ മോഷ്ടാക്കളെത്തിയത്.

ഗോതുരുത്ത് പള്ളിപ്പടിയിൽ വി ഒ സ്റ്റോഴ്സ് ഉടമ ജോസഫിന്റെ വീട്ടിൽ രാത്രി 12 ഓടെയാണ് ബൈക്കിൽ രണ്ട് മോഷ്ടാക്കളെത്തിയത്. ജോസഫും കുടുംബവും പള്ളിയിൽ പോയ സമയത്ത് എത്തിയ ഇവർ മുൻവശത്തെ വാതിൽ തിക്കിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും ജോസഫിന്റെ മകൻ വീട്ടിലെത്തിയതോടെ രക്ഷപ്പെട്ടു.

കരിമ്പാടം മനക്കോടം ഡൈഹൗസിന് സമീപത്തെ രണ്ട് വീടുകളിലും ഇവർ മോഷണം നടത്തി. പുളിക്കത്തറ മൈക്കിൾ ജോസഫിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് 9000 രൂപ മോഷ്ടിച്ചു. ഇവരും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

ഡൈഹൗസിന് എതിർവശത്തുള്ള പുളിക്കത്തറ കൊച്ചുവറീത് ജേക്കബിന്റ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് 3000 രൂപ കവർന്നു. മൊബൈൽ, ഐപാഡ്, ടാബ് ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയി. ബുധൻ വൈകിട്ട് ബന്ധുവീട്ടിൽ പോയ ജേക്കബും കുടുംബവും വ്യാഴാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

വീട്ടുടമകൾ വടക്കേക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മോഷ്ടാക്കൾ ബൈക്കിൽ എത്തുന്നതിന്റെയും കവർച്ചശ്രമത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333306/burglary-in-3-houses-police-begin-investigation)