---
title: "ഉറങ്ങുന്നതിനിടെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ 57 കാരൻ എട്ടാം നിലയിലെ ഗ്രില്ലിൽ കുടുങ്ങി"
english_title: "A 57-year-old man fell from the 10th floor while sleeping and got stuck in the grill on the 8th floor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/333090/a-57-year-old-man-fell-from-the-10th-floor-while-sleeping-and-got-stuck-in-the-grill-on-the-8th-floor"
published_at: "2025-12-26T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ddf604403f_1000438525.png"
keywords: []
---

# ഉറങ്ങുന്നതിനിടെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ 57 കാരൻ എട്ടാം നിലയിലെ ഗ്രില്ലിൽ കുടുങ്ങി

> **Lead Summary:** സൂറത്ത്: ഉറക്കത്തിനിടെ പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ 57-കാരന് എട്ടാം നിലയിലെ ജനൽ ഗ്രില്ലിൽ കുടുങ്ങിയതിനെത്തുടർന്ന് ജീവൻ തിരിച്ചുകിട്ടി.

## Article Content

സൂറത്ത്: ഉറക്കത്തിനിടെ പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ 57-കാരന് എട്ടാം നിലയിലെ ജനൽ ഗ്രില്ലിൽ കുടുങ്ങിയതിനെത്തുടർന്ന് ജീവൻ തിരിച്ചുകിട്ടി.

സൂറത്തിലെ ജഹാംഗീർപുരയിലുള്ള ടൈംസ് ഗാലക്സി ബിൽഡിംഗിൽ വ്യാഴാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പത്താം നിലയിലെ ഫ്ലാറ്റിൽ ജനലിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന നിതിൻഭായ് അദിയ എന്നയാളാണ് ഉറക്കത്തിനിടെ തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ജനലിലൂടെ പുറത്തേക്ക് വീണത്.

എന്നാൽ താഴേക്ക് വീഴുകയായിരുന്ന ഇദ്ദേഹത്തിന്റെ കാൽ എട്ടാം നിലയിലെ ഒരു ഫ്ലാറ്റിന്റെ ഗ്രില്ലിൽ കുടുങ്ങുകയായിരുന്നു. തലകീഴായി തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ട നിതിൻഭായിയെ രക്ഷിക്കാൻ ഫയർഫോഴ്‌സിൻ്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി.

ഏകദേശം ഒരു മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഇദ്ദേഹത്തെ സുരക്ഷിതമായി ഉള്ളിലേക്ക് വലിച്ചുകയറ്റിയത്. മുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ റോപ്പുകളും സുരക്ഷാ ബെൽറ്റുകളും ഉപയോഗിച്ച് ഇദ്ദേഹത്തെ ബന്ധിപ്പിക്കുകയും താഴെയുള്ളവർ സുരക്ഷാ വല വിരിക്കുകയും ചെയ്‌താണ് രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാൽ ഗ്രില്ലിനുള്ളിൽ വേദനയോടെ കുടുങ്ങിക്കിടക്കുന്നതും ഒടുവിൽ സുരക്ഷിതമായി ഫയർഫോഴ്‌സ് ഉള്ളിലേക്ക് എടുക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തതായും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/333090/a-57-year-old-man-fell-from-the-10th-floor-while-sleeping-and-got-stuck-in-the-grill-on-the-8th-floor)