---
title: " കാൽ തുണി ഉപയോഗിച്ച് കെട്ടിയിട്ട് വയോധികയുടെ സ്വർണം കവന്നു ; കൊച്ചുമകനും പെൺസുഹൃത്തും അറസ്റ്റിൽ  "
english_title: "Elderly woman's gold stolen after being tied with a cloth; grandson and girlfriend arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332789/elderly-womans-gold-stolen-after-being-tied-with-a-cloth-grandson-and-girlfriend-arrested"
published_at: "2025-12-24T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b862011368_Untitled-1.jpg"
keywords: []
---

#  കാൽ തുണി ഉപയോഗിച്ച് കെട്ടിയിട്ട് വയോധികയുടെ സ്വർണം കവന്നു ; കൊച്ചുമകനും പെൺസുഹൃത്തും അറസ്റ്റിൽ  

> **Lead Summary:** ഇടുക്കി : രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ വയോധികയുടെ മകളുടെ മകനും ഇയാളുടെ സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ , കാഞ്ഞിരപ്പിള്ളി സ്വദേശിനി അനില എന്നിവരെയാണ് പാലക്കാടു നിന്ന് രാജാക്കാട് സിഐ വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത‌ത്.

## Article Content

ഇടുക്കി : രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ വയോധികയുടെ മകളുടെ മകനും ഇയാളുടെ സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ , കാഞ്ഞിരപ്പിള്ളി സ്വദേശിനി അനില എന്നിവരെയാണ് പാലക്കാടു നിന്ന് രാജാക്കാട് സിഐ വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത‌ത്.

കൂട്ടുപ്രതികളിൽ ഒരാളായ തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ-38) നേരത്തെ മണർകാട് ഉള്ള വാടക വീട്ടിൽ നിന്നും അറസ്റ്റിലായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്.കഴിഞ്ഞ 16 നാണ് രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ അമ്മ മറിയക്കുട്ടി(80)യെ ഊൺമേശയുടെ കാലിൽ തുണി ഉപയോഗിച്ച് കെട്ടിയിട്ടശേഷം ഒരു പവൻ തൂക്കം വരുന്ന മൂന്ന് സ്വർണ മോതിരങ്ങളും അലമാരയിൽ ഉണ്ടായിരുന്ന 3000 രൂപയും അനില, സോണിയ, അൽത്താഫ് എന്നിവർ ചേർന്നാണ് മോഷ്ടിച്ചത്.

മോഷണത്തിനിടെ മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം ടോമിയുടെ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു ബൈക്കിനെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പൊലിസിനെ പ്രതികളിലേക്ക് എത്തിച്ചത്. അൽത്താഫിന്റെ സഹോദരന്റെ ബൈക്കാണിതെന്ന് പൊലീസ് കണ്ടെത്തി. അൽത്താഫാണ് ബൈക്കുമായി വീട്ടിൽ നിന്ന് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയായ അൽത്താഫ് ഇതിനിടെ രക്ഷപെട്ടിരുന്നു. എങ്കിലും കൃത്യത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സോണിയയെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തു. സോണിയയെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലിസിന് ലഭിക്കുന്നത്.

രണ്ട് വർഷം മുമ്പ് പന്നിയാർകുട്ടി ഉണ്ടമലയിലെ വീട്ടിൽ 10 കിലോഗ്രാമിലധികം കഞ്ചാവ് സൂക്ഷിച്ചതിന് അറസ്റ്റിലായ സൈബു മുട്ടം ജയിലിൽ റിമാൻഡിലായിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു മോഷണ കേസിൽ റിമാൻഡിലായിരുന്ന അൽത്താഫിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ തമ്മിൽ സൗഹൃദം തുടർന്നു.

ഒരു സുഹൃത്തിൻ്റെ വിവാഹദിവസമാണ് അമ്മയുടെ വീട്ടിൽ മോഷണം നടത്താൻ സൈബുവും മറ്റ് മൂന്ന് പ്രതികളും പദ്ധതി തയാറാക്കുന്നത്. ടോമിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത് അനില, സോണിയ എന്നിവരെ സൈബു കാറിൽഇവിടെയെത്തിച്ചു. അൽത്താഫ് ബൈക്കിലാണ് ഇവിടേക്ക് വന്നത്.

സംഭവത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് അൽത്താഫും മറ്റ് രണ്ട് പ്രതികളും സൈബുവിന്റെ്റെ കൂടെ കാറിൽ തിരികെ പോയി. സോണിയയും അൽത്താഫും മണർക്കാടിലേക്കും സൈബുവും അനിലയും അമയപ്രയിലേക്കുമാണ് പോയത്. രണ്ട് ദിവസത്തിനു ശേഷം അൽത്താഫ് ഇവിടെ നിന്ന് മുങ്ങി.

സോണിയ അറസ്റ്റിലായതോടെ സൈബുവും അനിലയും പാലക്കാട്ടേക്കും പോയി. പിടിയിലാകാതിരിക്കാൻ ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ ഫോൺ വിവരങ്ങൾ ഉൾപ്പെടെ പിന്തുടർന്ന പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. ഇവർ കൃത്യത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ അൽത്താഫിന് വേണ്ടിയും അന്വേഷണമാരംഭിച്ചു. അറസ്റ്റിലായ സൈബു, അനില എന്നിവരെ കോടതി റിമാൻഡ് ചെയ്‌തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332789/elderly-womans-gold-stolen-after-being-tied-with-a-cloth-grandson-and-girlfriend-arrested)