---
title: "ചോറ്റാനിക്കരയിൽ കരോൾ സംഘത്തിന്റെ അഴിഞ്ഞാട്ടം ; മുൻ കോൺഗ്രസ് നേതാവിനും കുടുംബത്തിനും ക്രൂരമർദ്ദനം; പോലീസിനെതിരെ ഗുരുതര ആരോപണം"
english_title: "Carol gang's rampage in Chottanikkara; Brutal torture of former Congress leader and his family; Serious allegations against the police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332781/carol-gangs-rampage-in-chottanikkara-brutal-torture-of-former-congress-leader-and-his-family-serious-allegations-against-the-police"
published_at: "2025-12-24T11:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b824e05d6f_polie.jpg"
keywords: []
---

# ചോറ്റാനിക്കരയിൽ കരോൾ സംഘത്തിന്റെ അഴിഞ്ഞാട്ടം ; മുൻ കോൺഗ്രസ് നേതാവിനും കുടുംബത്തിനും ക്രൂരമർദ്ദനം; പോലീസിനെതിരെ ഗുരുതര ആരോപണം

> **Lead Summary:** ചോറ്റാനിക്കര : ക്രിസ്മസ് കരോളിന്റെ പേരിൽ വീടുകയറി അക്രമം. ചോറ്റാനിക്കര ബ്ലോക്ക് കോൺഗ്രസ്‌ മുൻ വൈസ് പ്രസിഡന്റ് സി.എ തങ്കച്ചൻ ചിറപ്പാട്ടിനും കുടുംബത്തിനുമാണ് കരോൾ സംഘത്തിൻ്റെ ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ ചോറ്റാനിക്കര പോലീസിൻ്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.

## Article Content

ചോറ്റാനിക്കര : ക്രിസ്മസ് കരോളിന്റെ പേരിൽ വീടുകയറി അക്രമം. ചോറ്റാനിക്കര ബ്ലോക്ക് കോൺഗ്രസ്‌ മുൻ വൈസ് പ്രസിഡന്റ് സി.എ തങ്കച്ചൻ ചിറപ്പാട്ടിനും കുടുംബത്തിനുമാണ് കരോൾ സംഘത്തിൻ്റെ ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ ചോറ്റാനിക്കര പോലീസിൻ്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്.

​കഴിഞ്ഞ ദിവസം തങ്കച്ചൻ്റെ വീട്ടിലെത്തിയ കരോൾ സംഘത്തിന് അദ്ദേഹം 100 രൂപ നൽകുകയും ഇതിന്റെ രസീത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ സംഘം വീടിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. മെയിൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ അക്രമികൾ വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും തങ്കച്ചനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തടയാനെത്തിയ 90 വയസ്സുള്ള അമ്മയെയും ഭാര്യയെയും സംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.

​ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ.ആർ ജയകുമാർ, ബ്ലോക്ക് മെമ്പർ എം.എം ജയൻ, ബ്ലോക്ക് മുൻ മെമ്പർ അജി കെ.കെ, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ ജോയ് എന്നിവരും നാട്ടുകാരും ചേർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​പോലീസിനെതിരെ പ്രതിഷേധം ശക്തം. സംഭവം നടന്ന ഉടൻ തന്നെ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസ് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് പുത്തൻകുരിശ് ഡിവൈഎസ്പിയെ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

​എന്നിട്ടും സ്ഥലത്തെത്തിയ എസ്.എച്ച്.ഒ (SHO) വാഹനത്തിൽ നിന്നും ഇറങ്ങാനോ, അക്രമം നടന്ന വീട് പരിശോധിക്കാനോ, പരിക്കേറ്റവരോട് സംസാരിക്കാനോ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. കാര്യങ്ങൾ തിരക്കിയ നാട്ടുകാരോട് തട്ടിക്കയറിയ ഉദ്യോഗസ്ഥൻ, അക്രമികളെ സ്ഥലത്തുനിന്നും പോകാൻ അനുവദിക്കുകയും അവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തത്.

അക്രമികൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ബ്രീത് അനലൈസർ പരിശോധനയോ രക്തപരിശോധനയോ നടത്താൻ പോലീസ് തയ്യാറായില്ലെന്നും, വീട്ടുകാർക്കും നാട്ടുകാർക്കുമെതിരെ തിരികെ കേസ് കൊടുക്കാൻ അക്രമികൾക്ക് നിർദ്ദേശം നൽകിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

​പോലീസിന്റെ ഏകപക്ഷീയമായ നിലപാടിനും അക്രമികൾക്കുമെതിരെ മുഖ്യമന്ത്രി, ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് പരാതി നൽകാനാണ് തീരുമാനം. നീതി ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കളും കോൺഗ്രസ് നേതാക്കളും നാട്ടുകാരും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332781/carol-gangs-rampage-in-chottanikkara-brutal-torture-of-former-congress-leader-and-his-family-serious-allegations-against-the-police)