---
title: "റൊട്ടി ഉണ്ടാക്കാൻ വൈകി ; ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള ഇരുമ്പ് തവ ഉപയോഗിച്ച് ആക്രമിച്ച് ഭർത്താവ്"
english_title: "Husband attacks wife and four-year-old son with hot iron pan for delay in making roti."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332744/husband-attacks-wife-and-four-year-old-son-with-hot-iron-pan-for-delay-in-making-roti"
published_at: "2025-12-24T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b65e4e1db9_1000436083.png"
keywords: []
---

# റൊട്ടി ഉണ്ടാക്കാൻ വൈകി ; ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള ഇരുമ്പ് തവ ഉപയോഗിച്ച് ആക്രമിച്ച് ഭർത്താവ്

> **Lead Summary:** ഗോരഖ്പൂർ: റൊട്ടി ഉണ്ടാക്കാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള ഇരുമ്പ് തവ ഉപയോഗിച്ച് ആക്രമിച്ച് ഭർത്താവ്.

## Article Content

ഗോരഖ്പൂർ: റൊട്ടി ഉണ്ടാക്കാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യയെയും നാല് വയസ്സുള്ള മകനെയും ചൂടുള്ള ഇരുമ്പ് തവ ഉപയോഗിച്ച് ആക്രമിച്ച് ഭർത്താവ്.

ഡിസംബർ 20-ന് രാത്രി ഗോരഖ്‌നാഥ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശാസ്ത്രി നഗർ പ്രദേശത്താണ് സംഭവം നടന്നത്. ലഖ്‌നൗവിൽ ഡ്രൈവറായ ലാൽചന്ദ് സഹാനി(30)ക്കെതിരെ ഭാര്യ രാധിക പരാതി നൽകി.

തിങ്കളാഴ്‌ച വൈകുന്നേരമാണ് പരാതി രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ലാൽചന്ദ് വീട്ടിലെത്തി രാധികയോട് റൊട്ടി ഉണ്ടാക്കാൻ ആവശ്യപ്പെട്ടു.

വീട്ടുജോലികൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നതിനാൽ ഭക്ഷണം ഉണ്ടാക്കാൻ വൈകി. വൈകിയതിനാൽ കോപാകുലനായ ലാൽചന്ദ് അടുക്കളയിൽ കയറി ഒരു തവ എടുത്ത് മർദിക്കാൻ തുടങ്ങിയെന്ന് രാധിക ആരോപിച്ചു.

അമ്മയുടെ കരച്ചിൽ കേട്ട് നാലു വയസ്സുള്ള മകൻ മുറിയിലേക്ക് ഓടിക്കയറി. ലാൽചന്ദ് അതേ തവ ഉപയോഗിച്ച് കുട്ടിയുടെ തലയിൽ അടിച്ചതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം പ്രതി രാധികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ലാൽചന്ദ് സഹാനിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗോരഖ്‌നാഥ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശശിഭൂഷൺ റായ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332744/husband-attacks-wife-and-four-year-old-son-with-hot-iron-pan-for-delay-in-making-roti)