---
title: "ടെക്സസിൽ മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്നുവീണു; അഞ്ച് മരണം   "
english_title: "Mexican Navy plane crashes in Texas; five dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/332552/mexican-navy-plane-crashes-in-texas-five-dead"
published_at: "2025-12-23T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a240bc4205_hjji.jpg"
keywords: []
---

# ടെക്സസിൽ മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്നുവീണു; അഞ്ച് മരണം   

> **Lead Summary:** ഗാൽവെസ്റ്റൺ : ടെക്സസ് ഗാൽവെസ്റ്റണിന് സമീപം മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

ഗാൽവെസ്റ്റൺ : ടെക്സസ് ഗാൽവെസ്റ്റണിന് സമീപം മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.

രോഗിയെയും കൊണ്ട് പോവുകയായിരുന്ന ചെറുവിമാനമാണ് തകർന്നുവീണത്. എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരിൽ നാലുപേർ നാവിക ഉദ്യോഗസ്ഥരാണെന്നും മറ്റ് നാലുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നെന്നും മെക്സിക്കൻ നാവികസേന പറഞ്ഞു. ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമല്ല.

അപകടത്തിനു പിന്നാലെ ടെക്സസ് തീരത്ത് കടലിൽ തിരച്ചിൽ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ മെക്സിക്കൻ കുട്ടികൾക്ക് സഹായം നൽകുന്ന സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷനിലെ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ഹ്യൂസ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ (80.5 കിലോമീറ്റർ) തെക്കുകിഴക്കായി ടെക്സസ് തീരത്ത് ഗാൽവെസ്റ്റണിനടുത്തുള്ള കോസ്‌വേയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. പ്രാദേശിക അതോറിറ്റികളെ തെരച്ചിലിൽ സഹായിക്കുന്നുണ്ടെന്ന് മെക്സിക്കൻ നാവികസേന പറഞ്ഞു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിൽ നിന്നും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൽ നിന്നുമുള്ള ടീമുകൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി എക്‌സിൽ അറിയിച്ചു. പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനാണ് ഗാൽവെസ്റ്റൺ. കാലാവസ്ഥയാണോ അപകടകാരണമെന്ന് വ്യക്തമല്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും നാഷണൽ വെതർ സർവീസ് കാലാവസ്ഥാ നിരീക്ഷകൻ കാമറൂൺ ബാറ്റിസ്റ്റ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ ഒരു മൂടൽമഞ്ഞ് ഉണ്ടായതായും ദൃശ്യപരത കുറവായിരുന്നുവെന്നും അധിക‍ൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/332552/mexican-navy-plane-crashes-in-texas-five-dead)