---
title: "ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റ്‌ തകർന്ന സംഭവം ​; വിജിലൻസ്‌ അന്വേഷിക്കാൻ ഉത്തരവ്‌   "
english_title: "Chottanikkara Safalyam flat collapse incident; Vigilance ordered to investigate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331971/chottanikkara-safalyam-flat-collapse-incident-vigilance-ordered-to-investigate"
published_at: "2025-12-19T13:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694502c5f2057_chottanikkara.jpg"
keywords: []
---

# ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റ്‌ തകർന്ന സംഭവം ​; വിജിലൻസ്‌ അന്വേഷിക്കാൻ ഉത്തരവ്‌   

> **Lead Summary:** ചോറ്റാനിക്കര : ചോറ്റാനിക്കര പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് കോടികൾ ചെലവാക്കി നിർമിച്ച സാഫല്യം ഫ്ലാറ്റ്‌ തകർന്ന സംഭവത്തിൽ നിർമാണത്തിന്‌ നേതൃത്വം നൽകിയവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്‌. ഹൈക്കോടതി ഉത്തരവുപ്രകാരം ചേർന്ന ഉന്നതതലയോഗത്തിൽ ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യമാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്.

## Article Content

ചോറ്റാനിക്കര : ചോറ്റാനിക്കര പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് കോടികൾ ചെലവാക്കി നിർമിച്ച സാഫല്യം ഫ്ലാറ്റ്‌ തകർന്ന സംഭവത്തിൽ നിർമാണത്തിന്‌ നേതൃത്വം നൽകിയവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്‌. ഹൈക്കോടതി ഉത്തരവുപ്രകാരം ചേർന്ന ഉന്നതതലയോഗത്തിൽ ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജമാണിക്യമാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്.

2.08 കോടി ചെലവിൽ നിർമിച്ച ഫ്ലാറ്റ്‌ ഏഴു വർഷംകൊണ്ട് താമസയോഗ്യമല്ലാതായതിന് പിന്നിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാണ്‌ ഉത്തരവ്‌. ഭവനനിർമാണ ബോർഡ് 10 മാസത്തിനകംഫ്ലാറ്റ് പുനർനിർമിക്കണം.

നിർമാണത്തിന് ആവശ്യമായ തുക പ്ലാനിങ് ബോർഡ് അനുവദിക്കണം. മാറ്റിപ്പാർപ്പിച്ച 23കുടുംബങ്ങൾക്ക് മാസം 5,000 രൂപവീതം വാടക നൽകുന്നത് തുടരാനും നിർദേശം നൽകി. അഴിമതിയും നിർമാണത്തിലെ അപാകവും നിമിത്തമാണ്‌ ഫ്ലാറ്റ്‌ തകരാനിടയാക്കിയത്‌. ഫ്ലാറ്റ് അപകടാവസ്ഥയിലായതോടെ ഇവിടത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു.

തൃശൂർ എൻജിനിയറിങ്‌ കോളേജും വിജിലൻസും നൽകിയ റിപ്പോർട്ട്‌ പ്രകാരം ഫ്ലാറ്റ് നിർമാണത്തിൽ വൻക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ യോഗത്തിൽ ചൂണ്ടിക്കാട്ടി. മുൻ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് പഞ്ചായത്ത് വിജിലൻസിന് പരാതി നൽകിയതിനൊപ്പം ഹൈക്കോടതിയിൽ നൽകിയ കേസിന്റെ തുടർച്ചയായാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഇടപെടലുണ്ടായത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331971/chottanikkara-safalyam-flat-collapse-incident-vigilance-ordered-to-investigate)