---
title: "കനത്ത മൂടൽമഞ്ഞിൽ കാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം "
english_title: "A teacher couple dies after their car falls into a canal in heavy fog."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331121/a-teacher-couple-dies-after-their-car-falls-into-a-canal-in-heavy-fog"
published_at: "2025-12-14T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e9dd547022_1000425810.png"
keywords: []
---

# കനത്ത മൂടൽമഞ്ഞിൽ കാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം 

> **Lead Summary:** ചണ്ഡീഗഡ് : പഞ്ചാബിൽ കനത്ത മൂടൽമഞ്ഞിൽകാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾ മരിച്ചു.

## Article Content

ചണ്ഡീഗഡ് : പഞ്ചാബിൽ കനത്ത മൂടൽമഞ്ഞിൽകാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾ മരിച്ചു.

പഞ്ചാബിലെ മോഗ ജില്ലയിൽ ഞായറാഴ്‌ച രാവിലെയാണ് സംഭവം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡ് കൃത്യമായി കാണാൻ സാധിക്കാഞ്ഞതാണ് അപകടത്തിനിടയാക്കിയത്. ജാസ് കരൺ സിംഗ്, ഭാര്യ കമൽജീത് കൗർ എന്നിവരാണ് മരിച്ചത്.

പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് കമൽജീതിനെ കൊണ്ടുപോവുകയായിരുന്നു കരൺ സിംഗ്. കനത്ത മൂടൽമഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയാത്തതിനാൽ കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ ഒഴുകുന്ന കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മാൻസ സ്വദേശിയായ ജാസ് കരൺ സിംഗ് ഇംഗ്ലീഷ് അധ്യാപകനാണ്. ഇരുവരും മോഗ ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപകരായിരുന്നു.

ഹരിയാനയിൽ ഞായറാഴ്‌ച മൂടൽമഞ്ഞുമായി ബന്ധപ്പെട്ട നിരവധി റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. റോഹ്‌തക്കിലെ മെഹാം പ്രദേശത്ത് ട്രക്കുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഏകദേശം നാൽപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331121/a-teacher-couple-dies-after-their-car-falls-into-a-canal-in-heavy-fog)