---
title: "പാലക്കുഴയിൽ സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ; ലോക്കൽ സെക്രട്ടറിക്കു നേരേ കൈയേറ്റ ശ്രമം"
english_title: "CPM workers clash in Palakuzha; Attempt to attack local secretary."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331069/cpm-workers-clash-in-palakuzha-attempt-to-attack-local-secretary"
published_at: "2025-12-14T11:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e52442e0c8_1000425465.png"
keywords: []
---

# പാലക്കുഴയിൽ സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ; ലോക്കൽ സെക്രട്ടറിക്കു നേരേ കൈയേറ്റ ശ്രമം

> **Lead Summary:** കൂത്താട്ടുകുളം : പാലക്കുഴ പഞ്ചായത്തിൽ കനത്ത പരാജയത്തെ തുടർന്ന് ശനിയാഴ്ച വൈകീട്ട് സിപിഎം പ്രവർത്തകർ ഇരു ചേരികളിലായി തിരിഞ്ഞ് നടത്തിയ വാക്കേറ്റം സംഘർഷത്തിലെത്തി. പാലക്കുഴ സിപിഎം പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ സെക്രട്ടറി ജോഷി സ്‌കറിയയും പാർട്ടിയംഗം വി.കെ. സുരേഷും തമ്മിലാണ് വാക്കേറ്റം തുടങ്ങിയത്.

## Article Content

കൂത്താട്ടുകുളം : പാലക്കുഴ പഞ്ചായത്തിൽ കനത്ത പരാജയത്തെ തുടർന്ന് ശനിയാഴ്ച വൈകീട്ട് സിപിഎം പ്രവർത്തകർ ഇരു ചേരികളിലായി തിരിഞ്ഞ് നടത്തിയ വാക്കേറ്റം സംഘർഷത്തിലെത്തി. പാലക്കുഴ സിപിഎം പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ സെക്രട്ടറി ജോഷി സ്‌കറിയയും പാർട്ടിയംഗം വി.കെ. സുരേഷും തമ്മിലാണ് വാക്കേറ്റം തുടങ്ങിയത്.

സിപിഎമ്മിന്റെ കുത്തക വാർഡായ മാറിക ഇല്ലിക്കുന്ന് മൂന്നാം വാർഡിൽ പാർട്ടി സ്ഥാനാർഥി തോറ്റതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. പിന്നീടിത് പരസ്‌പരം ഉന്തുംതള്ളുമായി.

തുടർന്ന് സിപിഎം പ്രവർത്തകർ മാറികയിൽനിന്നും കോഴിപ്പിള്ളിയിൽ നിന്നുമെത്തി പരസ്പരം പോർവിളി നടത്തി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ലോക്കൽ സെക്രട്ടറിയെ പോലീസ് സുരക്ഷയിൽ സ്ഥലത്തുനിന്നു മാറ്റി.

പാലക്കുഴയിൽ സിപിഎമ്മിലെ ഷാജു ജേക്കബ് മാത്രമാണ് ഇടതുമുന്നണിയിൽ ജയിച്ചത്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഷാജു ജേക്കബ് മത്സര രംഗത്തെത്തിയത്. ഇടതുമുന്നണി ഭരിച്ച പാലക്കുഴ സംസ്ഥാനതല പുരസ്‌കാരങ്ങൾ തുടർച്ചയായി നേടിയെങ്കിലും സിപിഎം വനിതാ പഞ്ചായത്ത് പ്രസിഡൻറ് പാർട്ടി പദവികൾ രാജിവെച്ചത് ഏറെ ചർച്ചയായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതിലും പരാതികളുയർന്നിരുന്നു.

പാലക്കുഴയിൽ 14 വാർഡുകളിൽ 13 എണ്ണത്തിലും യുഡിഎഫാണ് വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331069/cpm-workers-clash-in-palakuzha-attempt-to-attack-local-secretary)