---
title: "ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ"
english_title: "Husband arrested for killing wife with poisonous snake."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/331062/husband-arrested-for-killing-wife-with-poisonous-snake"
published_at: "2025-12-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e4d7aad38a_1000425432.png"
keywords: []
---

# ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** മുംബൈ : ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മൂന്നുവർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. മുംബൈ ബദലാപുർ ഈസ്റ്റിലാണ് സംഭവം. രൂപേഷ് ആണ് അറസ്റ്റിലായത്.

## Article Content

മുംബൈ : ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മൂന്നുവർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ. മുംബൈ ബദലാപുർ ഈസ്റ്റിലാണ് സംഭവം. രൂപേഷ് ആണ് അറസ്റ്റിലായത്.

2022 ജൂലായ് പത്തിനാണ് രൂപേഷിന്റെ ഭാര്യ നീരജ രൂപേഷ് അംബേദ്‌കർ മരിച്ചത്. അപകടമരണമാണെന്നാണ് കരുതിയതെങ്കിലും ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന് പോലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നീരജയെ രൂപേഷ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ഇരുവരും വീട്ടിൽ സ്ഥിരം വഴക്കടിക്കാറുണ്ടായിരുന്നു. സൃഹൃത്തുക്കളായ റിതികേഷ് രമേഷ് ചൽകെ, കുനൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്നാണ് രൂപേഷ് നീരജയെ ഒഴിവാക്കാൻ പദ്ധതി തയ്യാറാക്കിയത്.

തുടർന്ന് മൂവരും ചേർന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്ന വൊളൻ്റിയർ ആയിരുന്ന ചേതൻ വിജയ് ദുധാനിൽനിന്ന് വിഷപ്പാമ്പിനെ സംഘടിപ്പിച്ചു. ഇതിനെ ഉപയോഗിച്ച് നീരജയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. രൂപേഷിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/331062/husband-arrested-for-killing-wife-with-poisonous-snake)